കേരള ബ്ലാസ്റ്റേഴ്‌സ് തന്ത്രപരമായി കളിക്കുന്ന ടീമാണ്, വിജയം ആർക്കാകുമെന്ന് പ്രവചിച്ച് നോർത്ത്ഈസ്റ്റ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ആദ്യത്തെ എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങാൻ പോവുകയാണ്. ഡ്യൂറൻഡ് കപ്പ് നേടുകയും ഈ സീസണിൽ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന നോർത്ത്ഈസ്റ്റ് യുണൈറ്റഡാണ്‌ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

രണ്ടു ടീമുകളും ഭേദപ്പെട്ട പ്രകടനമാണ് ഇതുവരെ നടത്തിയത്. രണ്ടു മത്സരങ്ങൾ കളിച്ച ഇരു ടീമുകളും ഒന്നിൽ വിജയം നേടുകയും ഒരെണ്ണത്തിൽ തോൽവി വഴങ്ങുകയും ചെയ്‌തു. മൈക്കൽ സ്റ്റാറെയുടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുന്നതിനെക്കുറിച്ച് നോർത്ത്ഈസ്റ്റ് പരിശീലകൻ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.

“ആരാധകർക്ക് ഇതൊരു മികച്ച മത്സരമായിരിക്കും എന്ന കാര്യം ഉറപ്പാണ്. കേരള ബ്ലാസ്റ്റേഴ്‌സ് വളരെ തന്ത്രപരമായി കളിക്കുന്ന ടീമാണ്. അതിനാൽ തന്നെ തന്ത്രങ്ങളിലൂന്നിയ മത്സരമാകും ഇത്. ശാന്തമായി, അച്ചടക്കത്തോടെ കളിക്കുന്ന ടീമായിരിക്കും വിജയം നേടുക.” പെഡ്രോ ബെനാലി പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്ത് ഒരു മത്സരം വിജയിക്കുകയും ഒന്നിൽ തോൽവി വഴങ്ങുകയും ചെയ്‌തപ്പോൾ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് രണ്ട് എവേ മത്സരങ്ങളാണ് കളിച്ചത്. ഈ സീസണിൽ ആദ്യമായി സ്വന്തം മൈതാനത്ത് കളിക്കുന്നതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് കടുത്ത പരീക്ഷ നേരിടേണ്ടി വരും.

എന്നാൽ കഴിഞ്ഞ മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചടിച്ച്‌ നേടിയ വിജയം കേരള ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നൽകുന്നതാണ്. ലൂണ ഇതുവരെ ഇറങ്ങിയിട്ടില്ലെങ്കിലും വിദേശതാരങ്ങൾ മികച്ച പ്രകടനം നടത്തുന്നതും ടീമിന് വലിയ പ്രതീക്ഷയാണ്.