അർഹിച്ചതു നേടി ചരിത്രത്തിലിടം നേടി ബെൻസിമ, മാതൃകയാകുന്നത്‌ രണ്ടു താരങ്ങളെയെന്നു ഫ്രഞ്ച് താരം

പാരീസിൽ വെച്ച് ഇന്നലെ നടന്ന ചടങ്ങിൽ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായ കരിം ബെൻസിമ ഉയർത്തിയപ്പോൾ ഫുട്ബോൾ ലോകമൊന്നടങ്കം അതിനെ കയ്യടിച്ചാണ് സ്വീകരിച്ചത്. മെസിയും റൊണാൾഡോയും ബാലൺ ഡി ഓറിൽ ആധിപത്യം പുലർത്തിയ ഒരു കാലഘട്ടത്തിൽ അവർ രണ്ടു പെരുമല്ലാതെ ബാലൺ ഡി ഓർ സ്വന്തമാക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് ഫ്രഞ്ച് താരം. 2008ൽ സിനദിൻ സിദാൻ ബാലൺ ഡി ഓർ നേടിയതിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഫ്രഞ്ച് താരവുമാണ് ബെൻസിമ.

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ മിന്നിത്തിളങ്ങി നിന്നിരുന്ന സമയത്ത് അതിനെ സഹായിക്കുകയെന്ന വേഷമായിരുന്നു കരിം ബെൻസിമക്കുണ്ടായിരുന്നത്. ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്നിട്ടും റൊണാൾഡോക്ക് സ്‌പേസുകൾ ഒരുക്കി തന്റെ ജോലി ഫ്രഞ്ച് താരം കൃത്യമായി നിർവഹിച്ചു. ഇക്കാലത്ത് ഫോമിൽ ചെറിയ മങ്ങലുകൾ കണ്ടതിനെ തുടർന്ന് ബെൻസിമയെ ടീമിൽ നിന്നുമൊഴിവാക്കാൻ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും മാറിമാറി വരുന്ന പരിശീലകരൊന്നും അതിനു തയ്യാറായില്ല. കാരണം ഒരു ടീമിന്റെ മൊത്തം പ്രകടനത്തിന് ഫ്രഞ്ച് താരം നൽകുന്ന സംഭാവനയെന്തെന്ന് അവർക്കറിയാമായിരുന്നു.

റൊണാൾഡോ റയലിൽ നിന്നും യുവന്റസിലേക്ക് ചേക്കേറിയതിനു ശേഷമാണ് ബെൻസിമയുടെ യഥാർത്ഥ രൂപം ആരാധകർ കണ്ടു തുടങ്ങിയത്. റൊണാൾഡോ പോയതിന്റെ തിരിച്ചടികൾ നേരിട്ട റയൽ മാഡ്രിഡ് തുടക്കത്തിൽ പതറിയെങ്കിലും അതിൽ നിന്നും ടീമിനെ ഉയർത്തിയെടുക്കാൻ ബെൻസിമയുടെ പരിചയസമ്പത്തും പ്രതിഭയും വളരെയധികം സഹായിക്കുകയുണ്ടായി. കാർലോ ആൻസലോട്ടി റയൽ മാഡ്രിഡ് പരിശീലകനായി തിരിച്ചെത്തിയ കഴിഞ്ഞ സീസണിലാണ് അതിന്റെ ഏറ്റവും മികച്ച രൂപം ആരാധകർക്ക് കാണാൻ കഴിഞ്ഞത്.

റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച താരാമാകാനെങ്കിലും ഈഗോയില്ലാതെ ടീമിലേക്ക് വന്ന യുവതാരങ്ങളെ ബെൻസിമ മികച്ച പ്രകടനം നടത്താൻ സഹായിച്ചു. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ തുടങ്ങിയ താരങ്ങൾ ഇപ്പോൾ ലോകഫുട്ബോളിൽ ഉയരങ്ങളിൽ നിൽക്കുന്നതിനു ബെൻസിമക്കും വലിയൊരു പങ്കുണ്ട്. കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ 44 ഗോളുകളും പതിനഞ്ചോളം അസിസ്റ്റുകളും നേടി റയൽ മാഡ്രിഡിന് ലീഗും ചാമ്പ്യൻസ് ലീഗും നേടിക്കൊടുക്കാൻ ബെൻസിമ സഹായിച്ചത് ഈ യുവതാരങ്ങളെ കൂട്ടുപിടിച്ചാണ്.

ബാലൺ ഡി ഓർ ഏറ്റുവാങ്ങിയതിനു ശേഷം താൻ മാതൃകയാക്കിയിരുന്ന രണ്ടു താരങ്ങൾ ആരൊക്കെയാണെന്ന് ബെൻസിമ വെളിപ്പെടുത്തുകയുണ്ടായി. ഫ്രഞ്ച് താരമായ സിനദിൻ സിദാനും ബ്രസീലിയൻ താരമായ റൊണാൾഡോയുമാണ് തന്റെ മാതൃകയെന്നാണ് ബെൻസിമ പറഞ്ഞത്. സ്വപ്‌നം കണ്ടിരുന്ന ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നു പറഞ്ഞ താരം ഇവിടേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും പറഞ്ഞു. ഈ നേട്ടത്തിനായി സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞാണ് ബെൻസിമ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

ടീമിനു വേണ്ടി നിസ്വാർത്ഥമായ പ്രകടനം നടത്തുന്ന ബെൻസിമ തനിക്കു ശേഷമുള്ള താരങ്ങളെ വളർത്തിയെടുക്കാൻ കൃത്യമായ ഇടപെടൽ നടത്തുന്നുണ്ട്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്ന ബെൻസിമ ഈ സീസണിൽ പരിക്കേറ്റു പുറത്തിരുന്ന സമയത്തും ലോസ് ബ്ലാങ്കോസ് മികച്ച പ്രകടനം നടത്തിയത് ഇതിനു തെളിവാണ്. ഇനി ലോകകപ്പിൽ ഫ്രാൻസ് ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ താരത്തിന് കഴിയുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.