മഞ്ഞപ്പട തീയാണ്, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് അഭ്യർത്ഥനയുമായി ജീസസ് ജിമിനസ്

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിനു നിരാശയാണ് സമ്മാനിച്ചത്. പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങുകയായിരുന്നു. എന്നാൽ മത്സരത്തിൽ പുതിയ വിദേശതാരം ജീസസ് ജിമിനസ് ഗോൾ കണ്ടെത്തിയത് ആരാധകരിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്.

വലിയ പിന്തുണയാണ് സ്‌പാനിഷ്‌ താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകുന്നത്. രണ്ടാം പകുതിയിൽ താരവും വിബിൻ മോഹനനും എത്തിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ കൂടുതൽ കാണാൻ തുടങ്ങിയത്. മത്സരത്തിന് ശേഷം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരാധകർക്കായി ജീസസ് ജിമിനസ് സന്ദേശവും കുറിച്ചിട്ടുണ്ട്.

“അവസാനത്തെ മത്സരത്തിൽ നമ്മൾ ആഗ്രഹിച്ചതായിരുന്നില്ല ലഭിച്ചത്. പക്ഷെ നമ്മൾ കൂടുതൽ മികച്ചതാവാന് ശ്രമിച്ചു കൊണ്ടിരിക്കും. മൈതാനത്ത് ഞങ്ങൾ എല്ലാം നൽകും. നിങ്ങളുടെ പിന്തുണയോടു കൂടി ഞങ്ങൾ കൂടുതൽ കരുത്തോടെ തിരിച്ചു വരും. ഞായറാഴ്‌ച അതിനുള്ള അവസരമാണ്. മഞ്ഞ ജേഴ്‌സി കൊണ്ട് സ്റ്റേഡിയം നിറക്കൂ, നിങ്ങളുടെ ഊർജ്ജമാണ് ഞങ്ങളെ നയിക്കുന്നത്.” ജീസസ് കുറിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജീസസിനെ ഇമ്പ്രെസ് ചെയ്‌തുവെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. കുറിപ്പിന്റെ ആദ്യം യെല്ലോ ആർമി എന്നെഴുതിയതിനൊപ്പം ഫയർ ഇമോജിയാണ് താരം നൽകിയിരിക്കുന്നത്. ആദ്യത്തെ മത്സരത്തിൽ പകുതി അറ്റൻഡൻസ് മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും മികച്ച പിന്തുണ കേരള ബ്ലാസ്റ്റേഴ്‌സിന് നൽകാൻ ആരാധകർക്ക് കഴിഞ്ഞിരുന്നു.

ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് നേരിടുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായിരുന്ന ദിമിത്രിയോസ്, ജിക്‌സൻ തുടങ്ങിയവരെല്ലാം കേരളത്തിലേക്ക് തിരിച്ചു വരുന്ന മത്സരം കൂടിയാണത്. ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നാണ് ഈസ്റ്റ് ബംഗാൾ എന്നതിനാൽ മത്സരം കടുപ്പമായിരിക്കും.