ഐഎസ്എല്ലിലെ മൂല്യമേറിയ മൂന്നു താരങ്ങൾ ബ്ലാസ്റ്റേഴ്‌സിൽ, എന്നിട്ടും ടീമിന് പിഴക്കുന്നതെവിടെയാണ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസൺ അടുത്തിരിക്കെ ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാതെ അവശേഷിക്കുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മറ്റുള്ള ടീമുകൾക്കൊക്കെ ഒരു കിരീടമെങ്കിലും സ്വന്തം പേരിലുണ്ടെന്നിരിക്കെയാണ് വലിയ ആരാധകപിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഒരു ട്രോഫി പോലും നേടിയിട്ടില്ലെന്ന നാണക്കേടും കൊണ്ടു നടക്കുന്നത്.

കഴിഞ്ഞ സീസണിലും ഈ സീസണിലും ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ സ്‌ക്വാഡ് കേരള ബ്ലാസ്റ്റേഴ്‌സിനു സ്വന്തമായിരുന്നു. അതുപോലെ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യമേറിയ താരങ്ങളെ എടുത്തു നോക്കിയാൽ ആദ്യത്തെ പത്ത് പേരിൽ മൂന്നു പേർ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ്. കഴിഞ്ഞ സീസണിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല.

മൂല്യമേറിയ സ്‌ക്വാഡ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സിന് കളിക്കളത്തിൽ അതിന്റെ ഗുണം കാണിക്കാൻ കഴിയാത്തത്. അതിനുള്ള പ്രധാന കാരണം കേരള ബ്ലാസ്റ്റേഴ്‌സ് പ്രധാനമായും ഫോക്കസ് ചെയ്‌തിരിക്കുന്നത്‌ വിദേശതാരങ്ങളിൽ ആണെന്നതാണ്. മൂല്യമേറിയ വിദേശതാരങ്ങളെ സ്വന്തമാക്കുന്നതു പോലെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നില്ല.

ഐഎസ്എല്ലിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിൽ ആദ്യത്തെ നാല് പേരിൽ മൂന്നെണ്ണവും മോഹൻ ബഗാനിൽ നിന്നുമാണ്. അതുപോലെ ഇന്ത്യൻ താരങ്ങളിൽ മൂല്യമേറിയവരുടെ ലിസ്റ്റിൽ ആദ്യത്തെ പത്ത് പേരിൽ അഞ്ചു പേരും മോഹൻ ബഗാന്റെതാണ്. മുംബൈ സിറ്റി, ഈസ്റ്റ് ബംഗാൾ എന്നിവരും മികച്ച വിദേശതാരങ്ങളുടെ കൂടെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളെയും ടീമിലെത്തിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥിതി നേരെ വിപരീതമാണ്. മൂല്യമേറിയ താരങ്ങളിൽ ആദ്യത്തെ പത്ത് പേരിൽ ജിമിനാസ്, ലൂണ, നോഹ എന്നിവർ ഉണ്ടെങ്കിലും മൂല്യമേറിയ ഇന്ത്യൻ താരങ്ങളിൽ ആദ്യ പത്തിൽ ഒരാൾ പോലും ബ്ലാസ്റ്റേഴ്‌സിലില്ല. ഇക്കാലയളവിൽ ഉണ്ടായിരുന്ന മികച്ച ഇന്ത്യൻ താരങ്ങളായ സഹൽ, ജീക്സൺ എന്നിവരെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുകയും ചെയ്‌തു.

വിദേശതാരങ്ങൾക്കൊപ്പം ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളെയും എത്തിച്ചാൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകൂ എന്നുറപ്പാണ്. അതല്ലെങ്കിൽ പ്രതിഭയുള്ള താരങ്ങളെ വളർത്തി, ടീമിൽ തന്നെ നിലനിർത്തി മികച്ചൊരു ടീമിനെ ഉണ്ടാക്കിയെടുക്കണം. എന്നാൽ കിരീടത്തിനായി ആഗ്രഹിക്കുന്ന ആരാധകർ ഒരുപാട് കാലം കാത്തിരിക്കാൻ തയ്യാറായെന്നു വരില്ല.