റൊണാൾഡോക്കെതിരെ കളിച്ചിട്ടുള്ള താരം, ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലെ പുതിയ താരം നിസാരക്കാരനല്ല

മൂന്നു വർഷങ്ങൾക്ക് ശേഷം മാർകോ ലെസ്‌കോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോൾ ടീമിന് നഷ്‌ടമായത്‌ ടീമിനെ മുന്നിൽ നിന്നും നയിക്കാൻ കഴിവുള്ള, വളരെയധികം പരിചയസമ്പത്തുള്ള ഒരു കളിക്കാരനെയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ ഓഫർ ചെയ്‌തെങ്കിലും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുള്ളതു കൊണ്ടാണ് ലെസ്‌കോവിച്ച് ക്ലബ് വിട്ടത്.

ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന ഒരു താരത്തെയാണ് മാർകോ ലെസ്‌കോവിച്ചിന് പകരം ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് പ്രതിരോധതാരമായ അലസാൻഡ്രെ കൊയെഫിന്റെ സൈനിങ്‌ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. മുപ്പത്തിരണ്ടുകാരനായ താരത്തെ ഫ്രീ ഏജന്റായാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

സ്പെയിനിലെയും ഫ്രാൻസിലെയും ഒന്നാം ഡിവിഷൻ ക്ലബുകളിൽ കളിച്ച പരിചയസമ്പത്തുള്ള താരമാണ് കൊയെഫ്. ഫ്രഞ്ച് ക്ലബായ ലെൻസിൽ സീനിയർ കരിയർ ആരംഭിച്ച താരം അതിനു ശേഷം ഇറ്റലിയിലെ പ്രധാന ക്ലബുകളിൽ ഒന്നായ യുടിനസിൽ എത്തിയെങ്കിലും ഒരു മത്സരം പോലും കളിച്ചില്ല. 2013-14 സീസണിൽ സ്‌പാനിഷ്‌ ക്ലബ് ഗ്രനാഡക്കു വേണ്ടി കളിക്കുമ്പോൾ റൊണാൾഡോ അടക്കമുള്ള താരങ്ങളെ കൊയെഫ് നേരിട്ടിട്ടുണ്ട്.

ഫ്രഞ്ച് ലീഗ് കിരീടമടക്കം നേടിയിട്ടുള്ള ക്ലബായ ഓക്ഷെയറിനു വേണ്ടിയാണ് കൊയെഫ് കൂടുതൽ കാലം കളിച്ചിരിക്കുന്നത്. 2023 വരെ അവരുടെ ടീമിനൊപ്പം താരം ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി താരത്തിന് അവസരങ്ങൾ കുറവാണ്. അതുകൊണ്ടാണ് അവസാനം കളിച്ച കെയ്‌നിനു വേണ്ടിയുള്ള കരാർ അവസാനിച്ചതോടെ താരം മറ്റൊരു ലീഗിനെ പരിഗണിച്ചത്.

മാർകോ ലെസ്‌കോവിച്ചിന് ഇതിനേക്കാൾ മികച്ചൊരു പകരക്കാരനെ ബ്ലാസ്റ്റേഴ്‌സിന് ലഭിക്കാനില്ല. അത്രയും മികച്ച പരിചയസമ്പത്ത് താരത്തിന് യൂറോപ്പിൽ അവകാശപ്പെടാനുണ്ട്. മിക്ക സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിസന്ധി അനുഭവിക്കുന്ന പ്രതിരോധനിരയെ സുശക്തമാക്കാൻ താരത്തിന് കഴിയുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.