റെക്കോർഡ് തുകയുടെ ഡീൽ, പ്രീ സീസൺ ക്യാമ്പ് വിട്ട് എതിരാളികളുടെ തട്ടകത്തിലേക്ക് ബ്ലാസ്റ്റേഴ്‌സ് താരം

പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും മറ്റൊരു താരം കൂടി പുറത്തേക്ക്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മധ്യനിര താരമായ ജിക്‌സൻ സിങാണ് ക്ലബ് വിടുന്നതിന്റെ തൊട്ടരികിലെത്തി നിൽക്കുന്നത്. കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാളിലേക്കാണ് ജിക്‌സൻ സിങ് ചേക്കേറാനൊരുങ്ങുന്നത്.

ലഭ്യമായ വിവരങ്ങൾ പ്രകാരം ഈസ്റ്റ് ബംഗാളുമായി റെക്കോർഡ് തുകയുടെ ഓഫറാണ് ജിക്‌സൻ സിങ് ഒപ്പിടാൻ തയ്യാറെടുക്കുന്നത്. നിരവധി വർഷത്തേക്ക് ക്ലബുമായി കരാർ ഒപ്പിടുന്ന താരത്തിന്റെ ട്രാൻസ്‌ഫർ സംബന്ധിച്ച് തുകയുടെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഈസ്റ്റ് ബംഗാളിൽ ചേരുന്നതിനായി തായ്‌ലൻഡിൽ നടക്കുന്ന ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ക്യാംപിൽ നിന്നും ജിക്‌സൻ കൊൽക്കത്തയിലെത്തിയിട്ടുണ്ട്.

ജിക്‌സൻ സിംഗിനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകാൻ തയ്യാറായിരുന്നു. ഏതാനും വർഷങ്ങൾ കൂടി തുടരാനുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് വാഗ്‌ദാനം ചെയ്‌തെങ്കിലും താരം അത് വേണ്ടെന്നു വെച്ചു. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും എഎഫ്‌സി ടൂർണമെന്റ് പോലെയുള്ള മത്സരങ്ങളിൽ കളിക്കാനും വേണ്ടിയാണ് താരം ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ നിഷേധിച്ചത്.

വരാനിരിക്കുന്ന സീസൺ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സുമായുള്ള ജിക്‌സൻ സിംഗിന്റെ കരാർ അവസാനിക്കാൻ പോവുകയാണ്. കരാർ പുതുക്കാത്ത സാഹചര്യത്തിൽ ജിക്‌സൻ സിംഗിനെ നിലനിർത്തിയാൽ അടുത്ത വർഷം താരം ഫ്രീ ഏജന്റായി ക്ലബ് വിടുമെന്നുറപ്പാണ്. അതുകൊണ്ടാണ് മൂല്യമുള്ള താരത്തെ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ തന്നെ വിൽപ്പന നടത്തിയത്.

എന്തായാലും ഇതിൽ നിന്നും ബ്ലാസ്റ്റേഴ്‌സിന് കൃത്യമായ വീക്ഷണമില്ലെന്ന് ഒന്നുകൂടി തെളിഞ്ഞിട്ടുണ്ട്. ജിക്‌സൻ സിംഗിനെപ്പോലുള്ള താരം എഎഫ്‌സി മത്സരങ്ങളിൽ കളിക്കാൻ വേണ്ടി മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുമ്പോൾ ബ്ലാസ്റ്റേഴ്‌സിൽ നിന്നാൽ അത് സാധ്യമാകില്ലെന്ന് താരത്തിന് ബോധ്യമുണ്ടെന്നാണ് മനസിലാക്കേണ്ടത്. ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും അടുത്ത സീസണിലേക്കുള്ള ക്ലബ്ബിനെ തയ്യാറാക്കിയിട്ടുമില്ല.