പരിശീലന ക്യാംപിലുള്ളതു കൊണ്ട് ടീമിലുണ്ടാകണമെന്നില്ല, രണ്ടു വിദേശതാരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലനക്യാമ്പ് കഴിഞ്ഞ ദിവസം തായ്‌ലൻഡിൽ ആരംഭിച്ചിട്ടുണ്ട്. പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെക്ക് കീഴിൽ മികച്ച രീതിയിൽ സീസൺ ആരംഭിക്കാനും ഇതുവരെ കിരീടങ്ങളൊന്നും നേടാത്ത ടീമെന്ന ചീത്തപ്പേരു മാറ്റാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. പുതിയ സീസണിൽ ആരാധകർക്ക് വളരെയധികം പ്രതീക്ഷകളുമുണ്ട്.

അതേസമയം ടീമിൽ ഏതൊക്കെ താരങ്ങൾ വേണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശതാരങ്ങളാണ് ഐഎസ്എൽ ടീമുകളുടെ പ്രധാന കരുത്തെന്ന് എല്ലാവർക്കുമറിയാം. അവരുടെ കാര്യത്തിൽ തന്നെയാണ് ഇപ്പോഴും കൃത്യമായ തീരുമാനം ആകാത്തതെന്നു റിപ്പോർട്ടുകൾ വ്യക്തമാകുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയിലെ താരങ്ങളായ ക്വാമേ പെപ്ര, ജോഷുവ സോട്ടിരിയോ എന്നിവരുടെ കാര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനമെടുക്കാത്തത്. രണ്ടു താരങ്ങളും തായ്‌ലൻഡിൽ വെച്ച് നടക്കുന്ന ക്യാംപിൽ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. എന്നാൽ ഇവർ ടീമിൽ ഉണ്ടാകുമെന്ന കാര്യത്തിൽ നിലവിൽ ഉറപ്പൊന്നും ഇല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഈ രണ്ടു താരങ്ങളുടെയും പരിശീല സെഷനിലെയും സന്നാഹമത്സരങ്ങളിലെയും പ്രകടനം കണക്കിലെടുത്ത് ഇവരെ നിലനിർത്താണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കും. ഇവർക്ക് തിളങ്ങാൻ കഴിഞ്ഞില്ലെങ്കിൽ ഇരുവരും ടീമിലുണ്ടാകില്ല. തന്റെ പദ്ധതികൾക്ക് ചേരുന്ന താരങ്ങളെ മാത്രമേ സ്റ്റാറെ ടീമിന്റെ ഭാഗമാക്കൂ എന്ന് ഇതിൽ നിന്നും വ്യക്തമാണ്.

കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും കളിക്കാതെ താരമാണ് സോട്ടിരിയോ. പെപ്ര സീസണിന്റെ പകുതിയോളം പുറത്തിരിക്കുകയും ചെയ്‌തു. ഈ രണ്ടു താരങ്ങളെയും ഒഴിവാക്കാനുള്ള തീരുമാനം എടുത്താൽ അത് പകരക്കാരായി വരുന്ന താരങ്ങൾ ടീമുമായി ഇണങ്ങിച്ചേരാൻ സമയമെടുക്കാൻ കാരണമാകും. അതിനു പുറമെ ഒരു വിദേശതാരത്തെക്കൂടി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കേണ്ടതുണ്ട്.