കേരള ബ്ലാസ്റ്റേഴ്‌സിനെ തിരഞ്ഞെടുക്കാൻ രണ്ടു കാരണങ്ങൾ, മനസു തുറന്ന് പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെ

പുതിയ പരിശീലകന്റെ കീഴിൽ പുതിയൊരു സീസണിനായി തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബുകളിൽ ഒന്നായിട്ടും ഇതുവരെ കിരീടം നേടാൻ കഴിയാത്ത നിരാശ ഈ സീസണിൽ മാറ്റാൻ കഴിയുമെന്ന് എപ്പോഴത്തെയും പോലെ ബ്ലാസ്റ്റേഴ്‌സ് ചിന്തിക്കുന്നു. പുതിയ പരിശീലകൻ തന്നെയാണ് ടീമിന്റെ പ്രതീക്ഷകൾ.

ഒരുപാട് കിരീടങ്ങളൊന്നും നേടിയിട്ടില്ലെങ്കിലും പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെ ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്. നിരവധി വർഷങ്ങളുടെ പരിചയസമ്പത്ത് തന്നെയാണ് അതിൽ പ്രധാനപ്പെട്ടത്. ഏതാണ്ട് പതിനേഴു വർഷത്തോളമായി പരിശീലകനായി തുടരുന്ന അദ്ദേഹം പല മിഡ് ടേബിൾ ടീമുകളെയും മികച്ച പ്രകടനത്തിലേക്ക് നയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി. വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന നേതൃത്വവും സ്പോർട്ടിങ് ഡയറക്റ്ററുടെ സന്ദേശവും തന്നെ ആകർഷിച്ച ആദ്യത്തെ കാര്യമാണെന്ന് അദ്ദേഹം പറയുന്നു. ടീമിന്റെ പദ്ധതികളെക്കുറിച്ചും സ്‌ക്വാഡിനെ കുറിച്ചും അദ്ദേഹം പറഞ്ഞത് പെട്ടന്നു താൽപര്യമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ കാര്യമായി മൈക്കൽ സ്റ്റാറെ പറയുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്തും അവർ നൽകുന്ന പിന്തുണയും തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വലിയ ക്ലബാണെന്നും അവർക്ക് മികച്ചൊരു ഫാൻ ബേസുണ്ടെന്നും പറഞ്ഞ അദ്ദേഹം ഇക്കാര്യങ്ങൾ ടീമിനെ തിരഞ്ഞെടുക്കാൻ തന്നിൽ സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാക്കി.

സ്റ്റാറെയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് തായ്‌ലൻഡിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിന്റെ ദൃശ്യങ്ങളും മറ്റും പുറത്തു വരുന്നതിൽ നിന്നും അദ്ദേഹം ഒരു പോസിറ്റിവ് ഇമ്പാക്റ്റ് താരങ്ങളുടെ ഇടയിൽ ഉണ്ടാക്കിയെന്നു വ്യക്തമാക്കുന്നു. ഇനി പ്രീ സീസൺ മത്സരങ്ങൾ കഴിയുമ്പോൾ കൂടുതൽ ചിത്രം വ്യക്തമാകും.