മികച്ച ഇന്ത്യൻ താരങ്ങളെ എത്തിക്കാത്തതിന്റെ കാരണമെന്താണ്, കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്റ്റർ വ്യക്തമാക്കുന്നു
ഇന്ത്യൻ സൂപ്പർ ലീഗ് പതിനൊന്നാമത്തെ സീസണിലേക്ക് കടക്കുമ്പോൾ ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാത്ത ടീമായി അവശേഷിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സാണ്. അക്കാര്യത്തിൽ ആരാധകർക്ക് വലിയ നിരാശയുമുണ്ട്. ഏതെങ്കിലും ഒരു കിരീടം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കണമെന്നാണ് ഡ്യൂറൻഡ് കപ്പിലെ പുറത്താകലിനു ശേഷം ഓരോ ആരാധകനും ആവശ്യപ്പെടുന്നത്.
കിരീടങ്ങൾ നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയാത്തതിന്റെ പ്രധാനപ്പെട്ട കാരണമായി ആരാധകർ കണക്കാക്കുന്നത് മികച്ച ഇന്ത്യൻ താരങ്ങൾ സ്ക്വാഡിൽ ഇല്ലെന്നതാണ്. ഇന്ത്യയിലെ ടോപ് താരങ്ങളെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുമുണ്ട്. എന്നാൽ അക്കാര്യത്തിൽ ടീമിനുള്ള പരിമിതികൾ എന്തൊക്കെയാണെന്ന് കഴിഞ്ഞ ദിവസം സ്പോർട്ടിങ് ഡയറക്റ്റർ വ്യക്തമാക്കുകയുണ്ടായി.
Karolis Skinkys 🗣️“It's difficult to explain how the Indian player market functions, but it's difficult. Usually, you have to overpay in an unfair way to get players from other teams. This is not healthy from a football club's perspective.” (1/2) @TOIGoaNews #KBFC
— KBFC XTRA (@kbfcxtra) September 12, 2024
“ഇന്ത്യൻ താരങ്ങളുടെ മാർക്കറ്റ് പ്രവർത്തിക്കുന്നത് എങ്ങിനെയാണെന്ന് വിശദീകരിക്കാൻ കഴിയില്ല, അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മറ്റുള്ള ടീമുകളിൽ നിന്നും മികച്ച താരങ്ങളെ ലഭിക്കാൻ നമ്മൾ ഒട്ടും ന്യായമല്ലാത്ത രീതിയിൽ പണം മുടക്കണം. ഒരു ഫുട്ബോൾ ക്ലബിന്റെ വീക്ഷണത്തിൽ നിന്നും നോക്കുമ്പോൾ ഇതൊരു ആരോഗ്യകരമായ പ്രവണതയല്ല.” സ്കിങ്കിസ് പറഞ്ഞു.
“ഞങ്ങൾ ഓപ്ഷൻസ് നോക്കാറുണ്ട്, പക്ഷെ ടീമിനു കരുത്ത് നൽകുമെന്ന് അത്രയും ഉറപ്പുണ്ടെങ്കിൽ മാത്രമേ സൈനിങ് നടത്താറുള്ളു. നിങ്ങൾക്ക് ഓർമയുണ്ടാകും, അവസാനത്തെ സീസണിന് മുന്നോടിയായി നമ്മൾ ഐഎസ്എല്ലിലെ വളരെ പരിചയസമ്പത്തുള്ള താരങ്ങളെ സ്വന്തമാക്കിയിരുന്നു. എന്നാൽ അത് ശരിയായ രീതിയിലല്ല മുന്നോട്ടു പോയത്.” ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്റ്റർ വ്യക്തമാക്കി.
കഴിഞ്ഞ സീസണിന് മുന്നോടിയായി പ്രീതം കോട്ടാൽ, പ്രബീർ ദാസ് എന്നിങ്ങനെ പരിചയസമ്പത്തുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയെങ്കിലും അവരൊന്നും പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്തിയില്ലെന്നാണ് സ്കിങ്കിസ് സൂചിപ്പിക്കുന്നത്. അക്കാദമി താരങ്ങളെ കൂടുതൽ വളർത്തുകയെന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതിയെന്ന് ഇതിൽ നിന്നും വ്യക്തമാണ്.