മൂന്നു താരങ്ങളോട് വിട പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്, പ്രതിസന്ധികളിൽ ടീമിനെ നയിച്ച സഹപരിശീലകനും ക്ലബ് വിട്ടു | Kerala Blasters

മെയ് മാസം അവസാനിച്ചതോടെ കരാർ പൂർത്തിയായ മൂന്നു താരങ്ങൾക്ക് നന്ദിയറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇനി ടീമിനൊപ്പം ഉണ്ടാകില്ലെന്നുറപ്പായ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റക്കൊസ്, വെറ്ററൻ ഗോൾകീപ്പറായ കരൺജിത് സിങ്, മറ്റൊരു ഗോൾകീപ്പറായ ലാറ ശർമ്മ എന്നീ താരങ്ങൾക്കാണ് നന്ദി അറിയിച്ചത്. അതിനു പുറമെ സഹപരിശീലകൻ ഫ്രാങ്ക് ദോവനും നന്ദി പറഞ്ഞിട്ടുണ്ട്.

ദിമിത്രിയോസ് ഡയമെന്റക്കൊസ് ക്ലബ് വിടുകയാണെന്ന് സ്വന്തം സോഷ്യൽ മീഡിയയിലൂടെ മുൻപേ തന്നെ അറിയിച്ചിരുന്നു. താരത്തിന് നന്ദി പറയാൻ കരാർ അവസാനിക്കുന്ന ദിവസം വരെ കാത്തിരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണിൽ ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ദിമിത്രിയോസ് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ.

2021 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള ഗോൾകീപ്പറാണ് കരൺജിത് സിങ്. എന്നാൽ പകരക്കാരൻ ഗോൾകീപ്പറായിരുന്ന താരം വളരെ കുറച്ചു മത്സരങ്ങളിൽ മാത്രമേ ടീമിന്റെ വല കാത്തിട്ടുള്ളൂ. ഇന്ത്യൻ ടീമിന് വേണ്ടി പതിനേഴു മത്സരങ്ങൾ കളിച്ചിട്ടുള്ള മുപ്പത്തിയെട്ടുകാരനായ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ വിരമിക്കുമോ അതോ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോയെന്നു വ്യക്തമല്ല.

സച്ചിൻ സുരേഷിന് കീഴിൽ ഒതുങ്ങിപ്പോയ ലാറ ശർമക്ക് അവസരങ്ങൾ ലഭിച്ച് മികവ് കാണിക്കാൻ തുടങ്ങിയപ്പോഴേക്കും സീസൺ അവസാനിക്കാറായിരുന്നു. പ്ലേ ഓഫ് മത്സരത്തിൽ താരം പരിക്കേറ്റു പുറത്തു പോയത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. ബെംഗളൂരു എഫ്‌സിയിൽ നിന്നും ലോണിൽ വന്ന താരം അവിടേക്ക് തന്നെയാണ് തിരിച്ചു പോകുന്നത്.

ഇവാൻ വുകോമനോവിച്ചിന് പിന്നാലെ സഹപരിശീലകൻ ഫ്രാങ്ക് ദോവനും ക്ലബ് വിടുകയാണ്. ഇവാൻ വുകോമനോവിച്ചിന് വിലക്ക് വന്ന സമയങ്ങളിൽ ടീമിനെ നയിച്ച ഫ്രാങ്ക്ദോവൻ ഭേദപ്പെട്ട പ്രകടത്തിലേക്ക് ക്ലബ്ബിനെ നയിച്ചിരുന്നു. അദ്ദേഹത്തെ പരിശീലകസ്ഥാനം ഏൽപ്പിക്കണമെന്ന് പലരും ആഗ്രഹം പറയുകയും ചെയ്‌തെങ്കിലും ഫ്രാങ്ക് ദോവനും ഇനി ക്ലബിനൊപ്പം ഉണ്ടാകില്ല.

Kerala Blasters Announce 4 Players Exit