നായകനു പകരക്കാരൻ യൂറോപ്യൻ ടീമിന്റെ നായകൻ, ലൂണയുടെ പകരക്കാരനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഒടുവിൽ അഭ്യൂഹങ്ങൾക്കെല്ലാം അവസാനം കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് നായകനായ അഡ്രിയാൻ ലൂണയുടെ പകരക്കാരൻ ആരാണെന്ന പ്രഖ്യാപനമെത്തി. ഡിസംബർ പകുതിയോടെ പരിക്കേറ്റു പുറത്തു പോയ യുറുഗ്വായ് താരം ഈ സീസണിൽ മുഴുവൻ പുറത്തിരിക്കുമെന്ന് ഉറപ്പായതോടെ ബ്ലാസ്റ്റേഴ്സ് എത്തിച്ച പുതിയ താരം വളരെയധികം പരിചയസമ്പന്നനാണെന്നത് ആരാധകർക്ക് ആവേശം നൽകുന്നു.
ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ അക്കൗണ്ടുകളിലൂടെ നടത്തിയ പ്രഖ്യാപനം അനുസരിച്ച് അഡ്രിയാൻ ലൂണയുടെ പകരക്കാരനായി എത്തിച്ചത് ലിത്വാനിയൻ താരമായ ഫെഡോർ സെർനിച്ചാണ്. മുപ്പത്തിരണ്ടുകാരനായ താരം സ്ട്രൈക്കർ ലെഫ്റ്റ് വിങ് എന്നീ പൊസിഷനുകളിലാണ് കളിക്കുന്നത്. അതേസമയം ഫ്രീ ഏജന്റാക്കി സ്വന്തമാക്കിയ താരത്തിന്റെ പ്രഖ്യാപനം സംബന്ധിച്ച പോസ്റ്റുകൾ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.
| OFFICIAL: Kerala Blasters signed Lithuanian National Team captain Fedor Černych #KBFC pic.twitter.com/2CV7TOvEhy
— KBFC XTRA (@kbfcxtra) January 10, 2024
ഈ സീസൺ അവസാനിക്കുന്നത് വരെയാണ് ലിത്വാനിയൻ താരവും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്. ലിത്വാനിയൻ ദേശീയ ടീമിന്റെ നായകനാണ് സെർനിച്ച് എന്നത് കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഊർജ്ജം നൽകുന്ന കാര്യമാണ്. യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ കളിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിനെ സഹായിക്കുമെന്നതിൽ സംശയമില്ല.
BREAKING!!!
Kerala Blasters have signed Lithuania national team captain Fedor Cernych! #IndianFootball #KeralaBlasters #KBFC #ISL #Transfers pic.twitter.com/qMUGKFaY6y
— Khel Now (@KhelNow) January 10, 2024
റഷ്യയുടെ ഭാഗമായ മോസ്കോയിൽ ജനിച്ച താരം പോളണ്ട്, ബെലറൂസിയ, റഷ്യ, സൈപ്രസ് തുടങ്ങി നിരവധി രാജ്യങ്ങളിലെ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. 2012 മുതൽ ലിത്വാനിയൻ ദേശീയ ടീമിന്റെ ഭാഗമായ സെർനിച്ച് എൺപത്തിരണ്ടു മത്സരങ്ങളിൽ ടീമിനായി ഇറങ്ങിയിട്ടുണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്നും പന്ത്രണ്ടു ഗോളുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
ലൂണയുടെ പകരക്കാരനായി അറ്റാക്കിങ് മിഡ്ഫീൽഡിലോ അല്ലെങ്കിൽ മിഡ്ഫീൽഡിലോ കളിക്കുന്ന ഒരു താരമെത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതല്ല സംഭവിച്ചത്. എങ്കിലും വളരെ പരിചയസമ്പത്തുള്ള സെർനിച്ചിന്റെ സാന്നിധ്യം ടീമിന് കരുത്തു തന്നെയാണ്. ലൂണയുടെ അഭാവത്തിൽ ടീമിന് ദിശാബോധം നൽകാൻ ഇതുപോലെയുള്ള താരങ്ങൾക്ക് കഴിയും.
അതേസമയം ലിത്വാനിയൻ താരത്തെ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തത് എന്തിനാണെന്നു വ്യക്തമല്ല. ഇത് ആരാധകരിൽ സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്തെങ്കിലും സങ്കീർണത ട്രാൻസ്ഫറിൽ ഉണ്ടായിട്ടുണ്ടാകുമെന്നും അതിനാലാണ് പ്രഖ്യാപനം വൈകുന്നതെന്നുമാണ് അനുമാനിക്കേണ്ടത്.
Kerala Blasters Announce Fedor Cernych Signing