ജനുവരിയിൽ പുതിയ താരങ്ങലെത്തുമോ, മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ

ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെ മോശം ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. പത്ത് മത്സരങ്ങൾ പൂർത്തിയാക്കിയ അവർ പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് നിൽക്കുന്നത്. പുറകിലുള്ള ടീമുകളിൽ പലർക്കും കേരളം ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കാനുള്ള അവസരവുമുണ്ട്.

ടീമിലെ താരങ്ങൾ വരുത്തിയ വ്യക്തിഗത പിഴവുകളാണ് ഈ മോശം ഫോമിന് കാരണം. ബ്ലാസ്റ്റേഴ്‌സ് പോയിന്റുകൾ നഷ്‌ടമാക്കിയ മത്സരങ്ങളിലെല്ലാം ഇത്തരത്തിലുള്ള പിഴവുകൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ടീമിനെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിലാണ് ടീമിനെ ശക്തിപ്പെടുത്തുക സാധ്യമാകൂ. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പ്രതികരിച്ചിരുന്നു. പുതിയ താരങ്ങൾ എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ജനുവരിയിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഇല്ലെന്ന് പറഞ്ഞാൽ അതൊരു നുണയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കിയിട്ടുണ്ടെന്നും അഭിക് ചാറ്റർജി പറഞ്ഞു.

നിലവിൽ ടീമിലുള്ള വിദേശതാരങ്ങളെല്ലാം മികച്ച പ്രകടനം നടത്തുന്നതിനാൽ അതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. എന്നാൽ ഇന്ത്യൻ താരങ്ങളിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണ്, പ്രത്യേകിച്ചും ഗോൾകീപ്പിങ് ഡിപ്പാർട്ട്മെന്റിൽ.