ഡ്യൂറൻഡ് കപ്പ് ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു, കേരള ഡെർബി കാണാനുള്ള വഴികൾ അറിയാം | Kerala Blasters

കഴിഞ്ഞ സീസണിലെ നിരാശയെ മറികടന്ന് ഈ സീസൺ മികച്ചതാക്കുന്നതിനുള്ള തുടക്കമെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിലെ ആദ്യത്തെ മത്സരത്തിനായി ഇറങ്ങാനൊരുങ്ങുകയാണ്. ഓഗസ്റ്റ് 13 ഞായറാഴ്‌ചയാണ്‌ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം. കേരളത്തിലെ തന്നെ മറ്റൊരു പ്രധാന ക്ലബായ, ഐ ലീഗിൽ കളിക്കുന്ന ഗോകുലം കേരളയാണ് ഡ്യൂറൻഡ് കപ്പിലെ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

ഡ്യൂറൻഡ് കപ്പിൽ ഗ്രൂപ്പ് സിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിനും ഗോകുലം കേരളക്കും പുറമെ ബെംഗളൂരു എഫ്‌സി, ഇന്ത്യൻ എയർ ഫോഴ്‌സ് എന്നിവരും ഗ്രൂപ്പിലുണ്ട്. പുതിയ സീസണിന് മുന്നോടിയായി നിരവധി തിരിച്ചടികൾ ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സിൽ ആരാധകർക്ക് പ്രതീക്ഷ ഉണ്ടാകണമെങ്കിൽ ഡ്യൂറൻഡ് കപ്പിൽ മുന്നേറിയെ തീരുവെന്നതിനാൽ മികച്ച പ്രകടനം നടത്താനാവും ശ്രമിക്കുക.

കൊൽക്കത്തയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഗോകുലം കേരളക്കെതിരായ മത്സരത്തിൽ വിജയിക്കേണ്ടത് അനിവാര്യമാണ്. നിലവിൽ ഒരു മത്സരം കളിച്ച ഗോകുലം ഇന്ത്യൻ എയർ ഫോഴ്‌സ് ടീമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു വിട്ടിരുന്നു. ഇഷാൻ പണ്ഡിറ്റ അടക്കമുള്ള താരങ്ങൾ എത്തിയതോടെ ആദ്യമത്സരത്തിൽ തന്നെ വിജയം നേടാനും മുന്നേറാനും കഴിയുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

സോണി ടെൻ സ്പോർട്ട്സ് ടുവിലാണ് ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളവർക്ക് സോണിലിവ് ആപ്പിലും സോണിലിവിന്റെ വെബ്‌സൈറ്റിലും മത്സരം കാണാൻ കഴിയും.അതേസമയം ജിയോ സിം ഉപയോഗിക്കുന്നവർക്ക് മത്സരം സൗജന്യമായി ജിയോ ടിവി വഴി കാണാൻ കഴിയും. എയർടെൽ, വിഐ എന്നീ സിമ്മുകളിൽ ചില റീചാർജുകളുടെ കൂടെ ഓഫറായി സോണി സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നുണ്ട് എന്നതിനാൽ അതും ആരാധകർക്ക് ഉപയോഗിക്കാം.

Kerala Blasters Vs Gokulam Kerala Telecast Details