ഒരൊറ്റ സൈനിങ്‌ കൊണ്ട് ലിവർപൂൾ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിലേക്ക്, ചെൽസിയെ ഞെട്ടിച്ച് റെക്കോർഡ് ഓഫർ | Liverpool

ക്ലോപ്പ് പരിശീലകനായി എത്തിയതോടെ ലിവർപൂൾ മികച്ച കുതിപ്പാണ് പ്രീമിയർ ലീഗിലും യൂറോപ്പിലും നടത്തിയത്. എന്നാൽ കഴിഞ്ഞ സീസണിൽ ടോപ് ഫോറിൽ പോലുമെത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല. സമ്മറിൽ ടീമിലെ പ്രധാന താരങ്ങളിൽ പലരും ക്ലബ് വിടുകയും ചെയ്‌തതോടെ വരുന്ന സീസണിലും ലിവർപൂളിന് തിളങ്ങാൻ കഴിയില്ലെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ഒരൊറ്റ സൈനിങ്‌ കൊണ്ട് അതിൽ മാറ്റം വരുത്തിയിരിക്കുകയാണ് ലിവർപൂൾ.

ബ്രൈറ്റൻ മധ്യനിര താരമായ മോയ്‌സസ് കൈസഡോയെയാണ് ലിവർപൂൾ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. ഇക്വഡോർ താരത്തിനായി 110 മില്യൺ പൗണ്ടിന്റെ ഓഫറാണ് ലിവർപൂൾ നൽകിയിരിക്കുന്നത്. ഇതോടെ ഇംഗ്ലീഷ് ട്രാൻസ്‌ഫർ റെക്കോർഡ് ലിവർപൂൾ ഭേദിക്കുകയും ചെയ്‌തു. താരം ചെൽസിയിൽ എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ലിവർപൂൾ ട്രാൻസ്‌ഫർ ഹൈജാക്ക് ചെയ്‌തത്‌. ചെൽസിയെക്കാൾ ഉയർന്ന തുകയാണ് ലിവർപൂൾ നൽകിയത്.

ഡിഫൻസീവ് മിഡ്‌ഫീൽഡ് പൊസിഷനിൽ കളിക്കുന്ന കൈസഡോയെ സ്വന്തമാക്കാൻ ചെൽസി നൂറു മില്യൺ പൗണ്ടാണ് ഓഫർ നൽകിയത്. എന്നാൽ അതിനേക്കാൾ ഉയർന്ന തുക ലിവർപൂൾ ഓഫർ നൽകിയതോടെ ഇരുപത്തിയൊന്ന് വയസുള്ള താരത്തെ നൽകാൻ ബ്രൈറ്റൻ സമ്മതം മൂളുകയായിരുന്നു. കഴിഞ്ഞ സീസണിൽ ബ്രൈറ്റനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ താരം ക്ളോപ്പിന്റെ കൈകളിൽ എത്തുന്നതോടെ കൂടുതൽ മികവ് കാണിക്കുമെന്നുറപ്പ്. ഇന്ന് മെഡിക്കൽ പരിശോധനകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൈസഡോ കൂടിയെത്തുന്നതോടെ പുതിയ സീസണിലേക്കായി ലിവർപൂൾ രണ്ടാമത്തെ ബ്രൈറ്റൻ താരത്തെയാണ് സ്വന്തമാക്കുന്നത്. ഇതിനു മുൻപ് അർജന്റീന താരമായ അലക്‌സിസ് മാക് അലിസ്റ്ററെ ലിവർപൂൾ ടീമിലെത്തിച്ചിരുന്നു. മധ്യനിരയിൽ നിന്നും ഹെൻഡേഴ്‌സൺ, ചെമ്പൈർലൈൻ, ഫാബിന്യോ തുടങ്ങിയ താരങ്ങളെ നഷ്‌ടമായ ലിവർപൂൾ അടുത്ത സീസണിൽ കരുത്തോടു കൂടിതന്നെയാകും ഇറങ്ങുകയെന്ന് ഇന്നലത്തെ സൈനിങ്ങോടെ തെളിയിക്കാൻ ക്ളോപ്പിനു കഴിഞ്ഞിട്ടുണ്ട്.

Liverpool Set To Sign Moises Caicedo