ലോകകപ്പിൽ അർജന്റീനയെ നയിച്ചതു പോലെ, ലയണൽ മെസിയുടെ നേതൃഗുണത്തെ പ്രശംസിച്ച് ഇന്റർ മിയാമി പരിശീലകൻ | Messi

തനിക്ക് പൂർണമായ സ്വാതന്ത്ര്യം ലഭിച്ച ഒരു ടീമിലെത്തിയപ്പോൾ ഏറ്റവും മികച്ച പ്രകടനമാണ് ലയണൽ മെസി നടത്തുന്നത്. പിഎസ്‌ജിയിൽ രണ്ടു വർഷം കളിച്ചപ്പോഴും ഈ സ്വാതന്ത്ര്യം മെസിക്ക് ലഭിച്ചിട്ടില്ലായിരുന്നു. അത് താരത്തിന്റെ പ്രകടനത്തിൽ പ്രതിഫലിക്കുകയും ചെയ്‌തു. അതുകൊണ്ടു കൂടിയാണ് ഫ്രഞ്ച് ക്ലബ് വിട്ട് താരം ഇന്റർ മിയാമിയിൽ എത്തിയത്. ഇപ്പോൾ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ അമേരിക്കയിൽ കളിക്കുന്ന ലയണൽ മെസിയുടെ നേതൃഗുണത്തെ ഇന്റർ മിയാമി പരിശീലകൻ പ്രശംസിക്കുകയുണ്ടായി.

“ലോകകപ്പിൽ നമ്മൾ കണ്ടതിനു സമാനമായ പ്രകടനം തന്നെയാണ് മെസിയിൽ നിന്നും കാണുന്നത്. മൈതാനത്തും അതിനു പുറത്തും ലയണൽ മെസിയുടെ നേതൃഗുണം കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രദ്ധിക്കപ്പെട്ടിരുന്നത് തന്നെയാണ്. ലോകകപ്പിൽ ലയണൽ മെസി ചെയ്‌തതിനെകുറിച്ചാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്. കാരണം അത് താരമിപ്പോൾ എത്രത്തോളം മികച്ച നേതാവാണെന്നതിനെ പ്രതിഫലിപ്പിക്കുന്നു.” ടാറ്റ മാർട്ടിനോ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.

“ഫുട്ബോൾ എന്ന നിലയിൽ മാത്രം ടീമിനെ നയിച്ചിരുന്ന ലയണൽ മെസിയുടെ ആദ്യത്തെ വർഷങ്ങളിൽ നിന്നും വളരെ വ്യത്യസ്‌തമാണ്‌ ഇപ്പോൾ. ഇപ്പോൾ കളിക്കളത്തിൽ മുഴുവൻ തന്റെ പ്രഭാവം മെസി ചെലുത്തിക്കൊണ്ടിരിക്കുന്നു. അവിടെ മാത്രമല്ല, പരിശീലനത്തിലും യുവതാരങ്ങളുമായി സംസാരിക്കുന്നു സമയത്തും എങ്ങിനെ ഒരു ആശയം നടപ്പിലാക്കണമെന്ന കാര്യത്തിലടക്കം അത് വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.” ടാറ്റ മാർട്ടിനോ പറഞ്ഞു.

പരിശീലകനായി ടാറ്റ മാർട്ടിനോ എത്തിയത് ലയണൽ മെസിക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാൻ കാരണമായിട്ടുണ്ട്. മെസിയെ ബാഴ്‌സലോണയിലും അർജന്റീനയിലും പരിശീലിപ്പിച്ചിട്ടുള്ള മാനേജറാണ് ജെറാർഡോ മാർട്ടിനോ. ഇനി ഇവരുടെ പ്രധാന ലക്‌ഷ്യം ഇന്റർ മിയാമിക്കൊരു കിരീടം സ്വന്തമാക്കി നൽകുക എന്നതാണ്. നാളെ ഇന്റർ മിയാമിയും ഷാർലറ്റ് എഫ്‌സിയും തമ്മിൽ ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ടീമിന് ആദ്യകിരീടത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണത്.

Martino Praise Messi Leadership Quality