മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യത്തിന് അവസാനമാകുമോ, പ്രീമിയർ ലീഗ് ടേബിൾ പ്രവചനവുമായി ഒപ്റ്റ | Premier League

കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗ് ആവേശകരമായ ഒന്നായിരുന്നു. തുടക്കം മുതൽ ഒന്നാം സ്ഥാനത്തു തുടർന്നിരുന്ന ആഴ്‌സനലിനെ അവസാന ലാപ്പിൽ പിന്നിലാക്കി മാഞ്ചസ്റ്റർ സിറ്റി കിരീടം സ്വന്തമാക്കി. ആഴ്‌സണൽ കിരീടമുയർത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന സമയത്താണ് മാഞ്ചസ്റ്റർ സിറ്റി അവരെ പിന്നിലാക്കുന്നത്. പ്രീമിയർ ലീഗ് മാത്രമല്ല, ചാമ്പ്യൻസ് ലീഗും എഫ്എ കപ്പും നേടി ട്രെബിൾ കിരീടമാണ് അവർ കഴിഞ്ഞ സീസണിൽ നേടിയത്.

കഴിഞ്ഞ സീസണിൽ നഷ്‌ടമായ കിരീടം ഇത്തവണ നേടാനുറപ്പിച്ചുള്ള ഒരുക്കങ്ങൾ ആഴ്‌സണൽ നടത്തിയിട്ടുണ്ട്. ഡെക്ലൻ റൈസ്, ജൂലിയൻ ടിംബർ, റായ തുടങ്ങിയ താരങ്ങളെ സ്വന്തമാക്കിയ ആഴ്‌സണൽ കെട്ടുറപ്പുളള ഒരു ടീമിനെയാണ് അടുത്ത സീസണിലേക്ക് ഒരുക്കിയത്. കാർലിങ് കപ്പ് നേടി അവരതിനെ സൂചനകൾ നൽകുകയും ചെയ്‌തു. എന്നാൽ പ്രമുഖ സ്റ്റാറ്റിസ്റ്റിക്‌സ് അനലൈസിങ് സൈറ്റായ ഒപ്റ്റയുടെ കണക്കുകൾ പ്രകാരം ഇത്തവണയും കിരീടം നേടാൻ സാധ്യത മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാണ്.

ഒപ്റ്റയുടെ സൂപ്പർകമ്പ്യൂട്ടർ നടത്തിയ കണക്കുകൾ പ്രകാരം പെപ് ഗ്വാർഡിയോള പരിശീലകനായ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് നേടാൻ 90.18 ശതമാനം സാധ്യതയാണുള്ളത്. അതേസമയം ആഴ്‌സനലിന്റെ സാധ്യത 4.08 ശതമാനം മാത്രമാണ്. മാഞ്ചസ്റ്റർ സിറ്റി ശരാശരി 88.81 പോയിന്റുകൾ പ്രീമിയർ ലീഗിൽ നേടുമെന്ന് അവർ പ്രവചിക്കുമ്പോൾ ആഴ്‌സണൽ നേടാൻ പോകുന്നത് 77.23 പോയിന്റാണ്. മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ ആഴ്‌സണൽ രണ്ടാം സ്ഥാനത്തു വരുമെന്ന് അവർ പറയുന്നു.

പ്രവചനത്തിൽ മൂന്നാം സ്ഥാനം ലിവർപൂളിനാണ്. 3.55 ശതമാനം സാധ്യതയാണ് ലിവർപൂളിന് അവർ കൽപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തി മൂന്നാം സ്ഥാനത്ത് എത്തുകയും ഇഎഫ്എൽ കിരീടം സ്വന്തമാക്കുകയും ചെയ്‌ത മാഞ്ചസ്റ്റർ യുണൈറ്റഡ് 1.70 ശതമാനം സാധ്യതയോടെ നാലാം സ്ഥാനത്താണ്. ചെൽസി, ന്യൂകാസിൽ, ആസ്റ്റൺ വില്ല, ബ്രൈറ്റൻ എന്നീ ടീമുകൾക്കെല്ലാം പ്രീമിയർ ലീഗ് വിജയിക്കാൻ 0.01 സാധ്യത മാത്രമാണ് അവർ കാണുന്നത്.

പോച്ചട്ടിനോക്ക് കീഴിൽ പുതിയൊരു വിപ്ലവത്തിനായി ഒരുങ്ങുന്ന ചെൽസി ആറാം സ്ഥാനത്തു വരുമെന്നാണ് ഒപ്റ്റ പറയുന്നത്. കഴിഞ്ഞ സീസണിൽ അവർ പന്ത്രണ്ടാം സ്ഥാനത്തായിരുന്നു. അതേസമയം അഞ്ചാം സ്ഥാനത്ത് എത്തുക പ്രീമിയർ ലീഗിലെ പുതിയ സാമ്പത്തികശക്തികളായ ന്യൂകാസിൽ യുണൈറ്റഡാണ്‌. സൗദി പബ്ലിക്ക് ഇൻവെസ്റ്റെമെന്റ് ഫണ്ട് സൗദിയിലെ ക്ളബുകളെ ഏറ്റെടുത്ത് പണമൊഴുക്കാൻ തുടങ്ങിയതിനാൽ ഈ സമ്മറിൽ വമ്പൻ സൈനിംഗുകളൊന്നും അവർ നടത്തിയിട്ടില്ല.

Opta Predicts Premier League Point Table