ക്വാർട്ടുവയുടെ തിരിച്ചുവരവ് വൈകും, ഡി ഗിയ അടക്കം മൂന്നു പേർ പകരക്കാരായി പരിഗണനയിൽ | Courtois

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ കരിം ബെൻസിമയെ നഷ്‌ടമായതിന്റെ ആഘാതത്തിൽ നിൽക്കുന്ന റയൽ മാഡ്രിഡിനെ തേടി മറ്റൊരു വമ്പൻ തിരിച്ചടി കൂടി. റയൽ മാഡ്രിഡിന്റെ ഗോൾവലക്ക് മുന്നിൽ വന്മതിലായി നിൽക്കുന്ന ഗോൾകീപ്പർ തിബോ ക്വാർട്ടുവ പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റു പുറത്തു പോയി. താരത്തിന് ശസ്ത്രക്രിയ വേണമെന്ന് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു.

ഈ ശനിയാഴ്‌ച രാത്രി റയൽ മാഡ്രിഡ് സീസണിലെ ആദ്യത്തെ ലീഗ് മത്സരം കളിക്കാനിരിക്കെയാണ് ബെൽജിയൻ താരത്തിന് പരിക്കേറ്റത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ട്രെയിനിങ് ഗ്രൗണ്ടിൽ നിന്നും തിബോ ക്വാർട്ടുവയെ സ്‌ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടു പോയത്. താരം മൈതാനം വിട്ടത് കരഞ്ഞു കൊണ്ടാണെന്നത് പരിക്ക് ഗുരുതരമാണെന്നതിന്റെ വ്യക്തമായ സൂചന നൽകുന്നു.

ഇപ്പോൾ റയൽ മാഡ്രിഡ് പുറത്തുവിട്ട പ്രസ്‌താവന പ്രകാരം ബെൽജിയൻ താരത്തിന്റെ ലിഗ്‌മെന്റിനാണ് പരിക്ക് പറ്റിയിരിക്കുന്നത്. ക്വാർട്ടുവക്ക് ശസ്ത്രക്രിയ വേണമെന്നും റയൽ മാഡ്രിഡ് വ്യക്തമാക്കുന്നു. ഇത്തരം പരിക്കുകൾക്ക് ശസ്ത്രക്രിയ നടത്തിയാൽ സാധാരണയായി ആറു മുതൽ ഒൻപതു മാസം വരെയാണ് പുറത്തിരിക്കേണ്ടി വരിക. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഏപ്രിലിലേ താരം തിരിച്ചെത്തുകയുള്ളൂ.

റയൽ മാഡ്രിഡ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് തിബോ ക്വാർട്ടുവ. തന്റെ കണ്ണഞ്ചിപ്പിക്കുന്ന സേവുകൾ കൊണ്ട് റയൽ മാഡ്രിഡിനെ പലപ്പോഴും രക്ഷിച്ചിട്ടുള്ള താരത്തെ നഷ്‌ടമാകുന്നത് ടീമിന് വലിയ തിരിച്ചടി തന്നെയാണ്. ക്വാർട്ടുവക്ക് പകരക്കാരായി മൂന്ന് താരങ്ങളെയാണ് റയൽ മാഡ്രിഡ് നോട്ടമിടുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ഡി ഗിയ, മൊറോക്കൻ ഗോൾകീപ്പർ ബോണോ. ചെൽസി ഗോളി കെപ്പ എന്നിവരാണ് റയലിന്റെ പരിഗണനയിലുള്ളത്.

Real Madrid Confirm Courtois Needs ACL Surgery