മെസിയുടെ ഗോൾ കണ്ട് അത്ഭുതം അടക്കാനായില്ല, തലയിൽ കൈവെച്ച് സെക്യൂരിറ്റി ഗാർഡ് | Messi

ഇന്റർ മിയാമിയിൽ എത്തിയ ലയണൽ മെസി ഫുട്ബോൾ ലോകത്ത് തന്റെ പ്രകടനം കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്. ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം നാല് മത്സരങ്ങളിൽ മാത്രം കളിച്ച താരം ഏഴു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. മെസിയുടെ കരിയറിൽ തന്നെ ഒരു ടീമിൽ ലഭിച്ച ഏറ്റവും മികച്ച തുടക്കമാണ് ഇന്റർ മിയാമിയിലേത്.

ഇന്റർ മിയാമിക്കായി അരങ്ങേറ്റം നടത്തിയ മത്സരത്തിലും കഴിഞ്ഞ മത്സരത്തിലും ഹീറോയാകുന്ന പ്രകടനമാണ് മെസി നടത്തിയത്. ആദ്യത്തെ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ഫ്രീകിക്ക് ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച മെസി കഴിഞ്ഞ മത്സരത്തിൽ തോൽവിയിലേക്ക് നീങ്ങുകയായിരുന്ന ടീമിന് വേണ്ടി ഫ്രീകിക്ക് ഗോൾ നേടി സമനില നേടിയെടുക്കുകയും തുടർന്ന് ഷൂട്ടൗട്ടിൽ വിജയം നേടാൻ സഹായിക്കുകയും ചെയ്‌തു. ഇതോടെ ലീഗ്‌സ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ഇന്റർ മിയാമി മുന്നേറി.

എൺപത്തിയഞ്ചാം മിനുട്ടിൽ പിറന്ന മെസിയുടെ ഫ്രീകിക്ക് ഗോളിന് സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ഗാർഡ് നൽകിയ റിയാക്ഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെസി ഫ്രീ കിക്ക് എടുക്കുന്നതിനു തൊട്ടു മുൻപ് വരെ കാണികളെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്ന സെക്യൂരിറ്റി അതിനു ശേഷം മെസിയുടെ ഫ്രീകിക്ക് കാണാൻ വേണ്ടി തിരിഞ്ഞു നോക്കുന്നുണ്ട്. ഗോൾ കണ്ടതോടെ അത്ഭുതം അടക്കാൻ കഴിയാതെ തലയിൽ കൈവെച്ചാണ് അദ്ദേഹം നിൽക്കുന്നത്.

ലീഗ്‌സ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിയ ഇന്റർ മിയാമിയുടെ എതിരാളികൾ ഷാർലറ്റ് എഫ്‌സിയാണ്. ഇന്ത്യൻ സമയം ശനിയാഴ്‌ച രാവിലെയാണ് രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. സ്വന്തം മൈതാനത്താണ് മത്സരം നടക്കുന്നതെന്നത് ഇന്റർ മിയാമിക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. ഇനി മൂന്നു മത്സരങ്ങൾ കൂടി വിജയിച്ചാൽ ഇന്റർ മിയാമിക്ക് ആദ്യത്തെ കിരീടം സ്വന്തമാക്കി നൽകാൻ മെസിക്ക് കഴിയും.

Security Stunned After Messi Freekick