കരാർ പുതുക്കിയ ഹോർമിപാമിനെ വിൽക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്, ലക്‌ഷ്യം കൈമാറ്റക്കരാർ | Kerala Blasters

അടുത്ത സീസണിൽ ടീമിന്റെ കിരീടവരൾച്ചക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഇടപെടലുകൾ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇതുവരെ രണ്ടു താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയൻ മുന്നേറ്റനിര താരമായ ജോഷുവ, ഇന്ത്യൻ വിങ്‌ബാക്ക് പ്രബീർ ദാസ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കായി സ്വന്തമാക്കിയത്.

ഇപ്പോൾ മറ്റൊരു താരത്തെക്കൂടി സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. മോഹൻ ബാഗാൻ സൂപ്പർ ജയന്റ്സിന്റെ ഡിഫെൻഡറായ പ്രീതം കോട്ടാലിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. മോഹൻ ബഗാന്റെ നായകൻ കൂടിയായ പ്രീതത്തെ സ്വന്തമാക്കാൻ പ്രയാസമാണ് എന്നതിനാൽ തന്നെ ഒരു കൈമാറ്റക്കരാറാണ്‌ ബ്ലാസ്റ്റേഴ്‌സ് ലക്‌ഷ്യം വെക്കുന്നത്.

അടുത്തിടെ കരാർ പുതുക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവപ്രതിരോധതാരമായ ഹോർമിപാമിനെയാണ് പ്രീതം കോട്ടാലിനെ സ്വന്തമാക്കാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുക്കാൻ ഒരുങ്ങുന്നതെന്ന് ദി ബ്രിഡ്‌ജ്‌ റിപ്പോർട്ട് ചെയ്യുന്നു. ഇരുപത്തിരണ്ടു വയസുള്ള ഹോർമിപാം മികച്ച പ്രകടനം കൊണ്ട് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയവനാണ്. എന്നാൽ ഇക്കഴിഞ്ഞ സീസണിൽ മികവ് കുറഞ്ഞ താരം നിരവധി പിഴവുകൾ വരുത്തുകയുണ്ടായി.

ഡൽഹി ഡൈനാമോസിൽ നിന്നും മോഹൻ ബഗാനിൽ എത്തിയതു മുതൽ ടീമിന്റെ പ്രധാനതാരമാണ് പ്രീതം കോട്ടാൽ. ഇന്ത്യൻ ടീമിലും താരം സ്ഥിരമായി കളിക്കുന്നു. പ്രീതം കോട്ടാൽ ഒരു മികച്ച ഡിഫൻഡർ ആണെങ്കിലും ക്ലബിന്റെ ഭാവിതാരമായി കണക്കാക്കപ്പെടുന്ന ഇരുപത്തിരണ്ടുകാരനെ വിൽപ്പന നടത്തി ഇരുപത്തിയൊമ്പത് വയസുള്ള താരത്തെ സ്വന്തമാക്കുന്നതിൽ ആരാധകർക്ക് എതിരഭിപ്രായമുണ്ട്.

Kerala Blasters To Exchange Hormipam For Pritam Kotal