ബാഴ്‌സലോണയിലേക്ക് തിരിച്ചുവരവുണ്ടാകില്ല, തീരുമാനമെടുത്ത് ലയണൽ മെസി | Lionel Messi

ലയണൽ മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് ഒടുവിൽ അവസാനമാകുന്നു. പിഎസ്‌ജി കരാർ പുതുക്കുന്നില്ലെന്ന തീരുമാനം എടുത്തതിനു ശേഷം ലയണൽ മെസിയും നിരവധി ക്ലബുകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് മെസി ചേക്കേറുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ താരം ബാഴ്‌സലോണയിലേക്ക് ഇല്ലെന്ന തീരുമാനം എടുത്തുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഗ്വില്ലം ബലാഗ്യൂവാണു ലയണൽ മെസി ബാഴ്‌സയിലേക്ക് തിരികെ വരില്ലെന്ന തീരുമാനം എടുത്തുവെന്ന റിപ്പോർട്ടു ചെയ്‌തിരിക്കുന്നത്‌. താരം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കാണ് ചേക്കേറാൻ പോകുന്നത്. സൗദി ക്ലബായ അൽ ഹിലാലിന്റെ ഓഫർ മെസി നേരത്തെ തന്നെ നിരസിച്ചിരുന്നു. ബാഴ്‌സലോണയിലേക്ക് തിരികെ വരാനാവില്ലെന്നിരിക്കെ അമേരിക്കയിൽ ജീവിതം ആരംഭിക്കുന്നതിനാണു മെസിക്കും കുടുംബത്തിനും താൽപര്യം.

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരികെ വരുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും ക്ലബ് താരത്തിന് ഉറപ്പു നൽകാത്തതാണ് ഇങ്ങിനെയൊരു തീരുമാനത്തിലേക്ക് വഴി വെച്ചത്. മെസിയെ സ്വന്തമാക്കാൻ ലാ ലിഗ അനുവാദം നൽകിയെങ്കിലും അതിനു വേണ്ടി ഏതാനും താരങ്ങളെ ക്ലബ് വിൽക്കേണ്ടി വരും. അതിനാൽ സമയം നൽകണമെന്ന് ബാഴ്‌സലോണ ആവശ്യപ്പെട്ടെങ്കിലും ലയണൽ മെസിക്ക് ഭാവിയെക്കുറിച്ച് വളരെ പെട്ടന്നു തന്നെ തീരുമാനമെടുക്കാനാണ് താൽപര്യം.

ലയണൽ മെസിക്ക് ബാഴ്‌സലോണയിൽ ഇനിയൊരു അവസരമുണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. നിലവിലെ തീരുമാനപ്രകാരം ലയണൽ മെസി യൂറോപ്യൻ ഫുട്ബോളിൽ നിന്നും വിടപറയാനാണ് പോകുന്നത്. അതേസമയം ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ഒറ്റക്കാവില്ല പോകുന്നത്. ബാഴ്‌സലോണയോട് വിടപറഞ്ഞ സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ എന്നിവരും മെസിക്കൊപ്പം മിയാമിയിൽ കളിക്കാൻ സാധ്യതയുണ്ട്.

Lionel Messi Decided Not Join Barcelona