ബാഴ്‌സലോണക്ക് അങ്ങനൊരു അവസ്ഥയുണ്ടാകാൻ ആഗ്രഹമില്ല, ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനെക്കുറിച്ച് ലയണൽ മെസി | Lionel Messi

എന്തുകൊണ്ടാണ് ബാഴ്‌സലോണയിലേക്ക് ചേക്കേറാതിരുന്നതെന്നും യൂറോപ്പ് വിടാനുള്ള തീരുമാനം എടുത്തതിനു പിന്നിലെ കാരണവും വെളിപ്പെടുത്തി ലയണൽ മെസി. കഴിഞ്ഞ ദിവസം മുണ്ടോ ഡീപോർറ്റീവോ സ്പോർട്ട് എന്നിവക്ക് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം വെളിപ്പെടുത്തിയത്. ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന കാര്യം വ്യക്തമായതിനു പിന്നാലെയാണ് താരത്തിന്റെ അഭിമുഖം പുറത്തു വന്നത്.

“ഞാൻ ബാഴ്‌സലോണയിലേക്ക് മടങ്ങില്ല, ഇന്റർ മിയാമിയിൽ ചേരും. തിരിച്ചുവരാൻ ഞാൻ ശരിക്കും ആഗ്രഹിച്ചു, തിരിച്ചുവരാൻ കഴിയുമെന്നതിൽ ഞാൻ വളരെ ആവേശഭരിതനായിരുന്നു, പക്ഷേ, മറുവശത്ത്, ഞാൻ ബാഴ്‌സലോണയിൽ നിന്നും പോയ സമയത്ത് അനുഭവിച്ച കാര്യങ്ങൾ, വീണ്ടും അതുപോലെ തന്നെയുണ്ടാകാൻ ആഗ്രഹിച്ചില്ല. എന്റെ ഭാവി മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.”

“ലാ ലിഗ എല്ലാം സ്വീകരിച്ചുവെന്നും എനിക്ക് മടങ്ങിവരാൻ എല്ലാം ശരിയാണെന്നും പറഞ്ഞതായി കേട്ടെങ്കിലും മറ്റ് നിരവധി കാര്യങ്ങൾ സംഭവിക്കേണ്ടതുണ്ട്. ബാഴ്‌സലോണ കളിക്കാരെ വിൽക്കുകയോ കളിക്കാരുടെ ശമ്പളം കുറയ്ക്കുകയോ ചെയ്യണമെന്ന് കേട്ടു, അതിലൂടെ പോകാൻ ഞാൻ ആഗ്രഹിച്ചില്ല എന്നതാണ് സത്യം. ഞാൻ പോയപ്പോൾ, അവർക്ക് എന്നെ രജിസ്റ്റർ ചെയ്യാമെന്ന് ലാ ലിഗയും സമ്മതിച്ചിരുന്നു, അവസാനം അത് ചെയ്യാൻ കഴിഞ്ഞില്ല.”

“അതിനു ശേഷം കുടുംബമായി പാരീസിലെ ഹോട്ടലിൽ താമസിക്കേണ്ടി വരികയും കുട്ടികളുടെ സ്‌കൂളിങിൽ സങ്കീർണതകൾ ഉണ്ടാവുകയും ചെയ്‌തു. അത് വീണ്ടും ആവർത്തിക്കുമോ എന്ന ഞാൻ ഭയന്നു.എനിക്ക് സ്വന്തമായി തീരുമാനമെടുക്കാൻ ആഗ്രഹമുണ്ടായിരുന്നു, അതുകൊണ്ടാണ് ഞാൻ ബാഴ്‌സയിലേക്ക് മടങ്ങാതിരുന്നത്. എനിക്കിത് ഇഷ്ടമാകുമായിരുന്നെങ്കിലും, അതിനു കഴിയില്ലായിരുന്നു.” മെസി പറഞ്ഞു.

Lionel Messi Reveals Why He Choose Inter Miami