ലക്‌ഷ്യം ലോകകപ്പും കോപ്പ അമേരിക്കയും, മെസി അമേരിക്കയിലേക്ക് പോകുന്നത് വെറുതെയല്ല | Lionel Messi

ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന് എല്ലാവരും പ്രതീക്ഷിച്ച ലയണൽ മെസി കഴിഞ്ഞ ദിവസമാണ് തന്റെ ഭാവിയെക്കുറിച്ച് തീരുമാനം എടുത്തത്. ബാഴ്‌സലോണയിലേക്ക് ഇല്ലെന്നും പകരം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയാണെന്നും താരം വ്യക്തമാക്കുകയുണ്ടായി. ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനു വേണ്ടി മറ്റു താരങ്ങളെ വിൽക്കേണ്ട സാഹചര്യം ഉണ്ടാക്കേണ്ടെന്നു കരുതിയാണ് പിൻവാങ്ങുന്നതെന്നും മെസി വ്യക്തമാക്കിയിരുന്നു.

യൂറോപ്പിൽ നിന്നും അമേരിക്കൻ ലീഗിലേക്ക് ലയണൽ മെസി ചേക്കേറുന്നത് ആരാധകരിൽ വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഇനിയും ഏതാനും വർഷങ്ങൾ കൂടി യൂറോപ്യൻ ഫുട്ബോളിൽ തുടരാനുള്ള പ്രതിഭയുണ്ടെന്നിരിക്കെയാണ് മെസി അപ്രതീക്ഷിതമായ തീരുമാനം എടുത്തത്. യൂറോപ്യൻ ഫുട്ബോളിൽ നിന്നും വിട പറയുന്നതോടെ ബാലൺ ഡി ഓർ അടക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കാനുള്ള സാധ്യതയും മങ്ങുന്നുണ്ട്.

അതേസമയം ലയണൽ മെസിയെ സംബന്ധിച്ച് വലിയൊരു ലക്ഷ്യമാണ് അമേരിക്കൻ ലീഗിലേക്ക് ചേക്കേറുന്നതോടെ മുന്നിലുള്ളത്. അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയും 2026ൽ നടക്കാനിരിക്കുന്ന ലോകകപ്പും അമേരിക്കയിൽ വെച്ചാണ്. അതുകൊണ്ടു തന്നെ അമേരിക്കൻ ലീഗിൽ കളിച്ചാൽ ഈ ടൂര്ണമെന്റുകൾക്ക് മുൻപേ തന്നെ ലയണൽ മെസിക്ക് അവിടത്തെക്കുറിച്ച് പരിചയസമ്പത്തുണ്ടാകും.

നിലവിൽ ലയണൽ മെസി ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് അർജന്റീന ദേശീയ ടീമിനൊപ്പമാണ്. തനിക്ക് ചുറ്റും നിന്നു പൊരുതുന്ന ഒരു ടീമുള്ളത് പൂർണമായ സ്വാതന്ത്ര്യത്തോടെ കളിക്കാൻ മെസിയെ പ്രാപ്‌തമാക്കുന്നു. അതുകൊണ്ടു തന്നെ ഇന്റർ മിയാമിയിലേക്ക് ചേക്കേറുന്നത് വഴി അർജന്റീന ടീമിന് കൂടുതൽ ശ്രദ്ധ നൽകാൻ ലയണൽ മെസിക്ക് കഴിയുമെന്നതിൽ സംശയമില്ല.

Lionel Messi Aim Upcoming Copa America World Cup