രണ്ടു വർഷം മുൻപ് അനുഭവിച്ച വേദന വലുതായിരുന്നു, യൂറോപ്പിൽ തുടരാതിരുന്നതിനു കാരണം ബാഴ്‌സലോണയെന്ന് ലയണൽ മെസി | Lionel Messi

അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറുന്നില്ലെന്ന് കഴിഞ്ഞ ദിവസം ലയണൽ മെസി വ്യക്തമാക്കിയിരുന്നു. സ്‌പാനിഷ്‌ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ഭാവിയെക്കുറിച്ച് മെസി വ്യക്തമാക്കിയത്. താരം ഇനി ഏതാനും വർഷം കൂടി യൂറോപ്പിൽ തുടരുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് വലിയ നിരാശ നൽകുന്നതായിരുന്നു ലയണൽ മെസിയുടെ തീരുമാനം. അതേസമയം ബാഴ്‌സയോടുള്ള സ്നേഹം കൊണ്ടാണ് യൂറോപ്പിൽ തുടരാതിരുന്നതെന്നാണ് മെസി പറയുന്നത്.

“എനിക്ക് യൂറോപ്പിൽ നിന്നും ചില ഓഫറുകൾ ഉണ്ടായിരുന്നു. എന്നാൽ ബാഴ്‌സലോണ കാരണം ഞാനതൊന്നും വിശകലനം ചെയ്‌തില്ല. ബാഴ്‌സയിലേക്ക് തിരിച്ചു വരാനായിരുന്നു എന്റെ ആഗ്രഹം. എപ്പോഴാണെന്ന് അറിയില്ലെങ്കിലും ഒരിക്കൽ ബാഴ്‌സലോണക്ക് എന്റെ ഭാഗത്തു നിന്നും വീണ്ടും സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരിക്കൽക്കൂടി അവിടേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നു.”

“ഞാൻ രണ്ടു വർഷം മുൻപ് അനുഭവിച്ചത് വളരെ പ്രയാസമുണ്ടാക്കിയ കാര്യമാണ്. ബാഴ്‌സലോണ വിട്ടത് വളരെ മോശമായ ഒരു സാഹചര്യമാണുണ്ടാക്കിയത്. പുതിയ സീസണിനെ കുറിച്ചും എന്റെ മക്കൾ പുതിയൊരു സ്‌കൂളിൽ ചേരുന്നതിനെ കുറിച്ചും ഞാൻ ആവേശഭരിതനായിരുന്നു. വളരെ കടുപ്പമേറിയ ഒരു തീരുമാനം എനിക്ക് എടുക്കേണ്ടതുണ്ടായിരുന്നു.” ലയണൽ മെസി പറഞ്ഞു.

ലയണൽ മെസി തന്റെ കുടുംബത്തെക്കൂടി പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന കാര്യം വ്യക്തമാണ്. അതേസമയം താരത്തിന്റെ തീരുമാനത്തിൽ വലിയൊരു വിഭാഗം ഫുട്ബോൾ ആരാധകരും നിരാശരാണ്. യൂറോപ്പിൽ ഇനിയുമേറെ വർഷം മികച്ച പ്രകടനം നടത്താനുള്ള മികവുണ്ടെന്നിരിക്കെയാണ് ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയിരിക്കുന്നത്.

Lionel Messi On Why He Opt To Leave Europe