സോട്ടിരിയോക്ക് പകരക്കാരൻ അതേ ക്ലബിൽ നിന്നും, പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയ ട്രാൻസ്‌ഫർ ആയിരുന്നു ഓസ്‌ട്രേലിയൻ താരമായ ജോഷുവ സോട്ടിരിയോയുടേത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച ഒരേയൊരു വിദേശതാരമെന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെയാണ് ആരാധകർ താരത്തിന്റെ പ്രകടനം കാണാൻ കാത്തിരുന്നത്. എന്നാൽ പ്രീ സീസൺ പരിശീലനത്തിനിടയിൽ തന്നെ പരിക്കേറ്റ താരം 2024 വരെ പുറത്തിരിക്കുമെന്നു സ്ഥിരീകരിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതിസന്ധിയിലേക്ക് വീഴുകയുണ്ടായി.

നിരവധി താരങ്ങൾ കൊഴിഞ്ഞു പോയ ടീമിന് പ്രതീക്ഷയായിരുന്ന വിദേശതാരത്തെയും നഷ്‌ടമായതോടെ പുതിയ കളിക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിരവധി താരങ്ങളെയും ബ്ലാസ്റ്റേഴ്‌സിനേയും ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും അതൊന്നും ശരിയായ ദിശയിലെത്തിക്കാൻ ക്ലബിന് കഴിഞ്ഞില്ല. ഇപ്പോൾ മറ്റൊരു താരത്തെയും ബ്ലാസ്റ്റേഴ്‌സിനേയും ചേർത്തുള്ള അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ട്.

ജോഷുവ സോട്ടിരിയോയുടെ ക്ലബായ ന്യൂകാസിൽ ജെറ്റ്സിൽ നിന്ന് തന്നെയാണ് പുതിയ താരത്തെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയൻ ക്ലബിന്റെ മുന്നേറ്റനിര താരമായ ട്രെന്റ് ബുഹാഗിയറിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഏഷ്യൻ താരത്തിന്റെ ക്വാട്ട പൂർത്തിയാക്കാൻ താരവുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മറ്റു താരങ്ങളെപ്പോലെ ഈ നീക്കവും പരാജയപ്പെടുമെന്ന ആശങ്ക ആരാധകർക്കുണ്ട്.

സിസിഎം അക്കാദമിയിലൂടെ പ്രൊഫെഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ച ബുഹാഗിർ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സ്, സിഡ്‌നി എഫ്‌സി എന്നിവർക്ക് വേണ്ടി കളിച്ചതിനു ശേഷമാണ് ന്യൂകാസിൽ ജെറ്റ്സിൽ എത്തിയത്. ഓസ്‌ട്രേലിയൻ അണ്ടർ 23 ടീമിന് വേണ്ടിയും താരം കളിക്കാനിറങ്ങിയിട്ടുണ്ട്. ന്യൂകാസിൽ ജെറ്റ്‌സിനൊപ്പം ഇരുപത്തിയഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളാണ് താരം നേടിയിട്ടുള്ളത്.

Kerala Blasters Eyes Trent Buhagiar