ഇനിയും ഇക്കളി തുടരരുത് ആശാനേ, പ്ലേ ഓഫിൽ രണ്ടു മാറ്റങ്ങൾ നിർബന്ധമായും വേണമെന്ന ആവശ്യവുമായി ആരാധകർ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. പരിക്കുകൾ വേട്ടയാടിയ ഒരു സീസൺ ആയതിനാൽ തന്നെ സീസണിന്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം മോശമായിരുന്നു. എങ്കിലും അഡ്രിയാൻ ലൂണ അടക്കമുള്ള താരങ്ങൾ തിരിച്ചു വരുമെന്നതിനാൽ ഒഡിഷക്കെതിരെ പൊരുതാൻ കഴിയുമെന്ന പ്രതീക്ഷ ടീമിനുണ്ട്.

അതിനിടയിൽ പ്ലേ ഓഫ് മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ടീമിൽ രണ്ടു മാറ്റങ്ങൾ വേണമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം കണക്കിലെടുത്ത് ഗോൾകീപ്പർ പൊസിഷനിൽ ലാറ ശർമയേയും മുന്നേറ്റനിരയിൽ രാഹുൽ കെപിക്ക് പകരം സൗരവ് മണ്ടാലിനേയും കളിപ്പിക്കണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

ബെംഗളൂരുവിൽ നിന്നും ലോണിൽ ടീമിലെത്തിയ ലാറാ ശർമക്ക് സച്ചിൻ സുരേഷ് പരിക്കേറ്റു പുറത്തു പോയപ്പോഴും അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ടീമിനായി വല കാത്ത താരം മികച്ച പ്രകടനമാണ് നടത്തിയത്. അതിൽ തന്നെ ഹൈദരാബാദ് എഫ്‌സിക്കെതിരെ നടത്തിയ ഡബിൾ സേവുകൾ അവസരം ലഭിച്ചാൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് വ്യക്തമാക്കുന്നതായിരുന്നു.

ഹൈദരാബാദ് എഫ്‌സിക്കെതിരെ ആദ്യ ഇലവനിൽ ഇറങ്ങിയ സൗരവ് മണ്ടാൽ രണ്ട് അസിസ്റ്റുകളാണ് സ്വന്തമാക്കിയത്. ഡങ്കലിനു ശേഷം ഒരു ഐഎസ്എൽ മത്സരത്തിൽ ഒന്നിലധികം ഗോളുകൾക്ക് വഴിയൊരുക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇതോടെ ബ്ലാസ്റ്റേഴ്‌സ് താരം സ്വന്തമാക്കി. അതേസമയം ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായ രാഹുൽ കെപി ഒരു ഗോളിനാണ് ഈ സീസണിൽ വഴിയൊരുക്കിയത്.

ഈ മാറ്റങ്ങൾ പ്ലേ ഓഫിനായി ഇറങ്ങുമ്പോൾ അനിവാര്യമാണെന്നാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പറയുന്നത്. എന്നാൽ പ്ലേ ഓഫിൽ ഏതു ശൈലിയിലാണ് കളിക്കുന്നത് എന്നതിനെ അനുസരിച്ചായിരിക്കും ഇവാൻ ഇക്കാര്യത്തിൽ അവസാന തീരുമാനം എടുക്കുക. വിദേശതാരങ്ങളിൽ ആരൊക്കെ കളിക്കുമെന്ന കാര്യത്തിലും വ്യക്തത ഇല്ലാത്തതിനാൽ അതും തീരുമാനത്തെ സ്വാധീനിക്കും.

Kerala Blasters Fans Want Two Changes Against Odisha FC