ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ശൈലി മാറ്റുന്നത് കൂടുതൽ വ്യക്തമാകുന്നു, പുതിയ സൈനിങ്ങും അതിന്റെ തെളിവാണ് | Kerala Blasters

നിരവധി തിരിച്ചടികളിലൂടെ കടന്നു പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പദ്ധതികളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തുന്നത് കൂടുതൽ വ്യക്തമാകുന്നു. കഴിഞ്ഞ ദിവസം നടത്തിയ വിദേശതാരത്തിന്റെ സൈനിങ്ങും ഇതിനുള്ള തെളിവാണ്. ഘാനയിൽ നിന്നുള്ള ഇരുപത്തിരണ്ടുകാരനായ താരം ക്വാമേ പെപ്റാഹിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. രണ്ടു വർഷത്തെ കരാറിലാണ് താരത്തെ സീസൺ തുടങ്ങുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്.

മുൻപത്തെ സീസണുകളിൽ ഉണ്ടായിരുന്നത് പോലെ വിദേശത്തു നിന്നും പ്രായമേറിയ താരങ്ങളെ കൊണ്ടു വരുന്ന പരിപാടിയല്ല ബ്ലാസ്റ്റേഴ്‌സ് ഇത്തവണ നടപ്പിലാക്കുന്നത്. ഈ ട്രാൻസ്‌ഫർ ജാലകത്തിൽ നാല് വിദേശതാരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്. ഈ നാല് താരങ്ങളും ഇരുപത്തിയേഴു വയസിൽ താഴെയുള്ളവരാണ്. ഇതിൽ ഏറ്റവും പ്രായം കൂടിയ താരം ആദ്യം സ്വന്തമാക്കിയ ജോഷുവ സോട്ടിരിയോയാണ്. താരം പരിക്ക് കാരണം 2024 വരെ കളിക്കാനിറങ്ങില്ല.

അതിനു ശേഷം സ്വന്തമാക്കിയ താരങ്ങളെല്ലാം ഇരുപത്തിയഞ്ചിൽ താഴെയുള്ളവരാണ്. നൈജീരിയയിൽ നിന്നും വന്നു ട്രയൽസിനായി ടീമിനൊപ്പം ചേരുകയും ഡ്യൂറന്റ് കപ്പിൽ മികച്ച പ്രകടനം നടത്തുകയും ചെയ്‌ത ഇമ്മാനുവൽ ജസ്റ്റിന്റെ പ്രായം വെറും ഇരുപതാണ്. ജസ്റ്റിൻ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഐഎസ്എല്ലിൽ കളിക്കുന്ന കാര്യം ഉറപ്പില്ലെങ്കിലും ടീമിന്റെ ഭാവിയാകാൻ താരത്തിന് കഴിയും.

അതിനു ശേഷം ടീമിലെത്തിച്ച മോണ്ടിനെഗ്രോ താരമായ മീലൊസ് ഡ്രിങ്കിച്ചിന്റെ പ്രായം ഇരുപതിനാലാണ്. എന്നാൽ ഈ പ്രായത്തിൽ തന്നെ യൂറോപ്പിലെ പല ക്ലബുകൾക്ക് വേണ്ടി യൂറോപ്പ ലീഗ് യോഗ്യത പ്ലേ ഓഫ അടക്കം ഇരുനൂറിലധികം മത്സരങ്ങൾ കളിച്ച താരത്തിന്റെ പരിചയസമ്പത്ത് ബ്ലാസ്റ്റേഴ്‌സിനു വലിയൊരു മുതൽക്കൂട്ടാണ്. അതിനു പുറമെയാണ് ആഫ്രിക്കയിലും ഇസ്രയേലിലും കളിച്ചിട്ടുള്ള പെപ്റാഹിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലുമുള്ള മികച്ച യുവപ്രതിഭകളെ കണ്ടെത്തി ട്രെയ്ൽസ് നടത്തി ടീമിനൊപ്പം ചേർക്കാനുള്ള പരിപാടി കേരള ബ്ലാസ്റ്റേഴ്‌സിനുണ്ടെന്ന് ക്ലബ് സ്പോർട്ടിങ് ഡയറക്റ്റർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ടീമിലെത്തുന്ന മികച്ച കഴിവുള്ള താരങ്ങളെ നഷ്‌ടപ്പെടുത്താതെ നിലനിർത്താൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന് വലിയ കുതിപ്പ് കാണിക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

Kerala Blasters Focusing On Young Foreign Players