പ്രത്യേക നിയമം പണിയായി, റൊണാൾഡോയുടെ അൽ നസ്റിൽ നിന്നും ബ്രസീലിയൻ താരം പുറത്തേക്ക് | Al Nassr

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ ടീമിലെ ബ്രസീലിയൻ താരമായ ആൻഡേഴ്‌സൺ ടാലിസ്‌കയുടെ കരാർ റദ്ദാക്കാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ. ഏഷ്യക്കു പുറത്തു ജനിച്ച താരങ്ങളുമായി ബന്ധപ്പെട്ട ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പ്രത്യേക നിയമമാണ് ഏതാനും വർഷങ്ങളായി ടീമിനൊപ്പമുള്ള, മികച്ച പ്രകടനം നടത്തുന്ന ബ്രസീലിയൻ താരത്തിന്റെ സൗദിയിലെ കരിയറിന് അവസാനം കുറിക്കാനുള്ള വഴിയൊരുക്കുന്നത്.

സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഏഷ്യക്ക് പുറത്ത് ജനിച്ച അഞ്ചു താരങ്ങളെ മാത്രമേ പങ്കെടുപ്പിക്കാൻ കഴിയൂവെന്നാണ് കോൺഫെഡറേഷൻ പാലിച്ചു വരുന്ന നിയമം. ക്രിസ്റ്റ്യാനോ റൊണാൾഡോ, മാഴ്‌സലോ ബ്രോസോവിച്ച്, സാഡിയോ മാനെ, സെക്കോ ഫൊഫാന, അലക്‌സ് ടെല്ലസ് എന്നീ താരങ്ങളെ ടീമിലുൾപ്പെടുത്താനാണ് അൽ നസ്ർ ആഗ്രഹിക്കുന്നത്. ഇതാണ് ഇരുപത്തിയൊമ്പത് വയസുള്ള താരത്തിന്റെ ടീമിലെ സ്ഥാനത്തിന് തന്നെ ഭീഷണിയാകുന്നത്.

റിപ്പോർട്ടുകൾ പ്രകാരം പതിനഞ്ചു മില്യൺ യൂറോക്ക് താരത്തെ വിട്ടുകൊടുക്കാൻ അൽ നസ്ർ തയ്യാറാണ്. തുർക്കിഷ് ക്ലബായ ബേസിക്റ്റസ് ടാലിസ്‌കക്കു വേണ്ടി നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും വേതനസംബന്ധമായി താരം ഉന്നയിച്ച ആവശ്യം വളരെ അധികമായതിനാൽ അതിൽ നിന്നും പിൻമാറുകയായിരുന്നു. ഇന്ന് രാത്രി ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അൽ നസ്ർ ഇറങ്ങാനിരിക്കെയാണ് ബ്രസീലിയൻ താരത്തിന്റെ ഭാവിയുടെ കാര്യത്തിൽ ആശങ്കകൾ തുടരുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് ടാലിസ്‌ക അൽ നസ്‌റുമായി പുതിയ കരാറൊപ്പിട്ടത്. 2021 മുതൽ അൽ നസ്റിൽ കളിക്കുന്ന താരം മിന്നുന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്. 67 മത്സരങ്ങളിൽ നിന്നും 44 ഗോളുകളും എട്ട് അസിസ്റ്റുകളും താരം സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കാനും താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഇനിയും പുതിയ താരങ്ങളെ സ്വന്തമാക്കാൻ അൽ നസ്ർ ഒരുങ്ങുന്നതു കൊണ്ടാണ് കരാർ റദ്ദാക്കുന്നതിലേക്ക് കടക്കാൻ ക്ലബ് ഒരുങ്ങുന്നത്.

Al Nassr To Terminate Talisca Contract