കളിക്കളത്തിലിറങ്ങുമ്പോൾ വരെ പ്രൊട്ടക്ഷൻ, മെസിയുടെ ബോഡിഗാർഡ് ഒരു കില്ലാഡി തന്നെ | Messi

ഇന്റർ മിയാമിയിലെത്തിയ ലയണൽ മെസി അമേരിക്കയിൽ പുതിയൊരു തരംഗം സൃഷ്‌ടിക്കുകയാണ്. ഇതുവരെ ഏഴു മത്സരങ്ങൾ കളിച്ച ലയണൽ മെസി പത്ത് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി ഇന്റർ മിയാമിക്ക് ആദ്യത്തെ കിരീടം സ്വന്തമാക്കി നൽകി. തുടർച്ചയായ തോൽവികളിലൂടെ കടന്നു പോയിരുന്ന ടീമിനെയാണ് മെസി തുടർവിജയങ്ങളുമായി കിരീടത്തിലേക്ക് നയിച്ചത്. അതുകൊണ്ടു തന്നെ അമേരിക്കയിൽ ലയണൽ മെസിക്ക് സ്വീകാര്യത വളരെയധികം വർധിച്ചിട്ടുണ്ട്.

ലയണൽ മെസിക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഇന്റർ മിയാമി നൽകുന്നുണ്ട്. അതിനിടയിൽ ആരാധകർ ശ്രദ്ധിക്കുന്നത് ലയണൽ മെസിയുടെ പുതിയ ബോഡിഗാർഡിനെയാണ്. മെസിയുടെ നിഴൽ പോലെ നടക്കുന്ന ബോഡിഗാർഡ് താരം മൈതാനത്ത് കളിക്കുമ്പോൾ വരെ മൈതാനത്തിന്റെ അരികിലൂടെ നടക്കുന്നുണ്ടാകും. മെസിയെ തൊടാൻ ശ്രമിക്കുന്നവരെയും താരത്തിന് അടുത്തെത്താൻ വേണ്ടി മൈതാനത്ത് ഇറങ്ങുന്ന ആരാധകരെയുമെല്ലാം പിടിച്ചു മാറ്റുന്ന ബോഡി ഗാർഡിനെ വീഡിയോ വൈറലാവുന്നുണ്ട്.

ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയത് സ്വസ്ഥമായ ജീവിതം അവിടെ ലഭിക്കുമെന്നതു കൊണ്ടാണ്. എന്നാൽ ആരാധകർ എല്ലായിപ്പോഴും താരത്തിന് ചുറ്റും കൂടുന്ന കാഴ്‌ചയാണ്‌ അമേരിക്കയിലുമുള്ളത്. അതുകൊണ്ടായിരിക്കാം ഒരു ബോഡിഗാർഡ് എല്ലായിപ്പോഴും ലയണൽ മെസിക്കൊപ്പമുള്ളത്. എന്നാൽ ബോഡി ഗാർഡ് തന്റെ ചുമതലയെ കുറച്ചധികം ഗൗരവത്തിൽ എടുത്താണ് ജോലി ചെയ്യുന്നതെന്നും ലഭിക്കുന്ന ശമ്പളത്തിനുള്ളതിനേക്കാൾ ആത്മാർഥത കാണിക്കുന്നുണ്ടെന്നും ആരാധകർ പറയുന്നു.

അതേസമയം ഇതുവെച്ച് ലയണൽ മെസിയുടെ അർജന്റീന സഹതാരമായ റോഡ്രിഗോ ഡി പോളിനെ ട്രോളുന്നവരുമുണ്ട്. ലയണൽ മെസിയുടെ പേഴ്‌സണൽ ബോഡിഗാർഡായി അറിയപ്പെട്ടിരുന്ന താരമാണ് ഡി പോൾ. എന്നാൽ പുതിയ ബോഡിഗാർഡ് ഡി പോളിന്റെ ജോലി തെറിപ്പിക്കുമെന്നാണ് ആരാധകർ തമാശ രൂപത്തിൽ പറയുന്നത്. ഇപ്പോൾ പുതിയ ബോഡിഗാർഡും അർജന്റീന ഡ്യൂട്ടിക്ക് വരുമ്പോൾ ഡി പോളുമാണ് മെസിക്ക് പ്രൊട്ടക്ഷൻ നൽകുകയെന്നും ചില രസികന്മാര് പറയുന്നു.

Messi New Bodyguard Video Getting Viral