ചാമ്പ്യൻസ് ലീഗ് കിങ്ങിന് തോൽക്കാനാവില്ല, എൺപത്തിയെട്ടാം മിനുട്ട് വരെ പിന്നിൽ നിന്ന അൽ നസ്‌റിന്റെ രാജകീയ തിരിച്ചു വരവ് | Al Nassr

എഎഫ്‌സി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള പ്ലേ ഓഫ് മത്സരത്തിൽ ദുബായ് കേന്ദ്രീകരിച്ചുള്ള ക്ലബായ ഷബാബ് അൽ അഹ്ലിക്കെതിരെ തകർപ്പൻ വിജയം നേടി അൽ നസ്ർ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളൊന്നും നേടിയില്ലെങ്കിലും മിന്നുന്ന പ്രകടനം നടത്തിയ മത്സരത്തിൽ എൺപത്തിയെട്ടാം മിനുട്ട് വരെ പിന്നിലായിരുന്ന അൽ നസ്ർ അതിനു ശേഷം തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് അൽ നസ്ർ വിജയിച്ചത്.

മത്സരത്തിൽ മാഴ്‌സലോ ബ്രോസോവിച്ചിന്റെ അസിസ്റ്റിൽ ബ്രസീലിയൻ താരം ആൻഡേഴ്‌സൺ ടാലിസ്‌ക പതിനൊന്നാം മിനുട്ടിൽ തന്നെ അൽ നസ്‌റിനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ പതിനേഴാം മിനുട്ടിലും രണ്ടാം പകുതിയുടെ തുടക്കത്തിലും വിങ്ങറായ യഹ്യ അൽഘസാനി നേടിയ ഗോളുകളിൽ ഷബാബ് അൽ അഹ്ലി മുന്നിലെത്തുകയായിരുന്നു. പിന്നീട് തിരിച്ചടിക്കാൻ അൽ നാസർ ശ്രമം നടത്തിയെങ്കിലും അവസാന മിനുട്ടുകൾ വരെ ഒന്നും വിജയം കണ്ടില്ല.

എന്നാൽ എൺപത്തിയെട്ടാം മിനുട്ടിൽ അൽ നസ്ർ താരമായ സുൽത്താൻ അൽ ഗന്നം നേടിയ ഗോൾ മത്സരത്തിന്റെ ഗതിയെത്തന്നെ മാറ്റി മറിച്ചു. വിജയമുറപ്പിച്ച അവസ്ഥയിൽ സമനിലഗോൾ വഴങ്ങിയതോടെ തളർന്നു പോയ ദുബായ് ക്ലബിന് പിന്നെ ഇഞ്ചുറി ടൈമിൽ രണ്ടു ഗോളുകൾ കൂടി വഴങ്ങേണ്ടി വന്നു. ആൻഡേഴ്‌സൺ ടാലിസ്‌കയും മാഴ്‌സലോ ബ്രൊസോവിച്ചുമാണ് ടീമിന്റെ ഗോളുകൾ നേടിയത്. ഇതിൽ ബ്രോസോവിച്ചിന്റെ ഗോളിനു അസിസ്റ്റ് നൽകിയത് റൊണാൾഡോയായിരുന്നു.

മത്സരത്തിൽ വിജയം നേടിയതോടെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും യോഗ്യത നേടുകയുണ്ടായി. കഴിഞ്ഞ സീസണിൽ കിരീടങ്ങളൊന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ അറബ് ക്ലബ് ചാമ്പ്യൻസ്ഷിപ്പ് കിരീടത്തോടെ തുടക്കമിട്ട അൽ നസ്റിന് ഈ പോരാട്ടവിജയം കൂടുതൽ ആവേശവും ആത്മവിശ്വാസവും നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

Al Nassr Qualify For AFC Champions League