നിഷേധിച്ചത് ഉറപ്പായും നൽകേണ്ട രണ്ടു പെനാൽറ്റികൾ, റഫറിയോട് പൊട്ടിത്തെറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ | Ronaldo

കഴിഞ്ഞ ദിവസം നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് യോഗ്യത പ്ലേ ഓഫ് മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ നടത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എൺപത്തിയെട്ടാം മിനുട്ട് വരെ പിന്നിലായിരുന്ന അൽ നസ്ർ അതിനു ശേഷം മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. അൽ നസ്‌റിനായി ടാലിസ്‌ക രണ്ടു ഗോളുകൾ നേടിയപ്പോൾ ബ്രോസോവിച്ച്, അൽ ഘന്നം എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.

ടീമിലെ പ്രധാന സ്‌ട്രൈക്കറായിരുന്ന റൊണാൾഡോ ഗോളൊന്നും നേടിയില്ലെങ്കിലും മികച്ച പ്രകടനമാണ് മത്സരത്തിൽ നടത്തിയത്. എന്നാൽ റൊണാൾഡോക്ക് രണ്ടു ഗോളുകൾ നേടാനുള്ള അവസരം മത്സരത്തിൽ ഇല്ലാതായിരുന്നു. തീർച്ചയായും ലഭിക്കേണ്ട രണ്ടു പെനാൽറ്റികളാണ് റഫറിയുടെ തെറ്റായ തീരുമാനത്തെ തുടർന്ന് ഇല്ലാതായിരുന്നു. ഇതേതുടർന്ന് മത്സരത്തിന് ശേഷം റഫറിയോട് പൊട്ടിത്തെറിച്ച് തന്റെ പ്രതിഷേധം അറിയിച്ചാണ് റൊണാൾഡോ കളിക്കളം വിട്ടത്.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് രണ്ടു പെനാൽറ്റികളും നിഷേധിക്കപ്പെട്ടത്. മത്സരത്തിൽ മികച്ചൊരു ഡ്രിബ്ലിങ് നടത്തി പെനാൽറ്റി ബോക്‌സിലേക്ക് മുന്നേറിയ റൊണാൾഡോ ആ നീക്കത്തിൽ മൂന്നു താരങ്ങളെയാണ് മറികടന്നത്. എന്നാൽ പെനാൽറ്റി ബോക്‌സിൽ വെച്ച് റൊണാൾഡോ ഫൗൾ ചെയ്യപ്പെടുകയായിരുന്നു. അതിനു ശേഷം താരം നടത്തിയ മനോഹരമായൊരു ബൈസിക്കിൾ കിക്ക് ശ്രമം എതിർ ടീം താരത്തിന്റെ കയ്യിൽ തട്ടിയാണ് പുറത്തു പോയത്. രണ്ടു പെനാൽറ്റികളും റഫറി നിഷേധിച്ചു.

മത്സരത്തിൽ വിജയം നേടിയെങ്കിലും അർഹിച്ച പെനാൽറ്റികൾ നിഷേധിച്ചതിൽ റൊണാൾഡോ വളരെയധികം രോഷാകുലനായിരുന്നു എന്നത് താരത്തിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമായിരുന്നു. ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോൾ അവിടെ നിന്നിരുന്ന റഫറിമാരോട് കടുത്ത രോഷത്തിൽ കയർത്താണ് റൊണാൾഡോ പോയത്. അറബ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ടോപ് സ്‌കോറർ ആയി കിരീടം നേടിയതിനു ശേഷം പിന്നീട് ഗോൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല.

Referee Denied Two Penalties To Ronaldo