ക്രൊയേഷ്യൻ മുന്നേറ്റനിര താരവുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തി, ട്രാൻസ്‌ഫർ പൂർത്തിയാക്കാത്തതിനു പിന്നിലെ കാരണമിതാണ് | Kerala Blasters

അപ്രതീക്ഷിതമായാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ് കേരള ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്നു പ്രഖ്യാപിച്ചത്. താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നടത്തുന്നതിന്റെ ഇടയിലാണ് താൻ ക്ലബിനൊപ്പം ഇനിയുണ്ടാകില്ലെന്ന് ദിമിത്രിയോസ് പ്രഖ്യാപിച്ചത്. ഇതോടെ അടുത്ത സീസണിലേക്ക് പുതിയൊരു മുന്നേറ്റനിര താരത്തെ കണ്ടെത്തേണ്ടത് ബ്ലാസ്റ്റേഴ്‌സിന് ആവശ്യമാണ്.

ദിമിത്രിയോസ് പ്രഖ്യാപനം നടത്തുന്നതിന് മുൻപേ തന്നെ ബ്ലാസ്റ്റേഴ്‌സ് അതിനുള്ള നീക്കങ്ങൾ ആരംഭിച്ചു എന്നാണു ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ക്രൊയേഷ്യൻ മുന്നേറ്റനിര താരമായ മറിൻ ജാക്കോലിസുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയിട്ടുണ്ട്. രണ്ടാഴ്‌ച മുൻപാണ് ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ക്രൊയേഷ്യൻ താരമാണെങ്കിലും ഓസ്‌ട്രേലിയൻ പൗരത്വം ജാക്കോലിസിനുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. എന്നാൽ ഏഷ്യൻ വംശജനായ ഒരു താരം ടീമിൽ വേണമെന്ന നിബന്ധന ഒഴിവാക്കുകയാണെന്ന തീരുമാനം വന്നതോടെ താരത്തിന്റെ ട്രാൻസ്‌ഫറിൽ ബ്ലാസ്റ്റേഴ്‌സ് തീരുമാനമെടുക്കാതെ നിൽക്കുകയാണ്.

വിങ്ങറായും സെൻട്രൽ ഫോർവേഡായും കളിക്കാൻ കഴിയുന്ന താരമാണ് ജാക്കോലിസ്. കരിയറിൽ നിരവധി ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം അവസാനം ബൂട്ട് കെട്ടിയത് ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റി എഫ്‌സിക്ക് വേണ്ടിയാണ്. ഇരുപത്തിനാലു മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകൾ നേടുകയും ഏഴു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഗോളടിക്കുന്നതിനേക്കാൾ കൂടുതൽ ഗോളവസരങ്ങൾ ഒരുക്കി നൽകാൻ ഇരുപത്തിയേഴുകാരനായ താരത്തിന് കഴിയുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ലൂണ, നോഹ സദൂയി, പെപ്ര എന്നിവർക്കൊപ്പം ജാക്കോലിസ് കൂടി ചേർന്നാൽ ബ്ലാസ്റ്റേഴ്‌സിന് മികവ് കാണിക്കാൻ കഴിയും. എന്നാൽ താരത്തിന്റെ ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് തീരുമാനമെടുക്കാതെ നിൽക്കുകയാണ്.

Kerala Blasters Held Talks With Marin Jakolis