ക്ലബ് വിട്ട നായകന് അതിനേക്കാൾ മികച്ച പകരക്കാരൻ, വമ്പൻ താരത്തെ റാഞ്ചാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു | Kerala Blasters

ഈ സീസണിലെ തിരിച്ചടികളെ മറികടക്കാൻ അടുത്ത സീസണിൽ വലിയ രീതിയിലുള്ള ഒരു അഴിച്ചുപണിക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച നിലവാരം പുലർത്താതിരുന്ന നിരവധി താരങ്ങളെ ക്ലബ് ഒഴിവാക്കിയിരുന്നു. മൂന്നു വിദേശതാരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ്.

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട താരങ്ങളിൽ ടീമിന്റെ നായകനായിരുന്ന ജെസ്സൽ കാർനൈറോയും ഉൾപ്പെടുന്നുണ്ട്. ലെഫ്റ്റ് ബാക്കായി കളിച്ചിരുന്ന താരം നാല് വർഷങ്ങൾക്ക് ശേഷമാണ് ക്ലബ് വിട്ടത്. ബംഗളൂരുവിലേക്ക് ചേക്കേറാനൊരുങ്ങുന്ന താരത്തിന് പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയെന്നും സ്വന്തമാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളിൽ ഒന്നായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ താരമായ സുബാഷിഷ് ബോസിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജെസ്സലിനു പകരക്കാരനായി കണ്ടു വെച്ചിരിക്കുന്നത്. 2017 മുതൽ ഇന്ത്യൻ ഫുട്ബോൾ ടീമിനു വേണ്ടിയും കളിക്കുന്ന ഇരുപത്തിയേഴുകാരനായ താരത്തിന്റെ പരിചയസമ്പത്ത് ബ്ലാസ്റ്റേഴ്‌സിന് വലിയൊരു നേട്ടമാണ്. 2017 മുതൽ ഐഎസ്എല്ലിലും താരം കളിക്കുന്നുണ്ട്.

സ്പോർട്ടിങ് ഗോവ, മോഹൻ ബഗാൻ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി കളിച്ചതിനു ശേഷം ബെംഗളൂരു എഫ്‌സിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയ സുബാഷിഷ് ബോസ് മുംബൈ സിറ്റിക്ക് വേണ്ടിയും കളിച്ചതിനു ശേഷമാണ് എടികെയിലേക്ക് വരുന്നത്. മൂന്നു സീസണുകൾ അവിടെയുണ്ടായിരുന്ന താരം ഒരു ഐഎസ്എൽ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി സാഫ്, ഇന്റർകോണ്ടിനെന്റൽ കിരീടങ്ങളും താരം നേടിയിട്ടുണ്ട്.

Kerala Blasters In Talks With Subhasish Bose