“ടീമിലെത്തിയിരിക്കുന്നത് ഒരു കംപ്ലീറ്റ് പാക്കേജ്”- കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിനെ വാഴ്ത്തി ആരാധകർ | Prabir Das

കഴിഞ്ഞ ഏതാനും ദിവസങ്ങളുടെ ഇടയിൽ ആറു താരങ്ങൾ ക്ലബ് വിട്ടു പോകുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ ടീമിൽ വലിയ അഴിച്ചു പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും താരങ്ങൾ പുറത്തു പോകുന്നത്. വിദേശതാരങ്ങളായ കലിയുഷ്‌നി, മോങ്കിൽ, ജിയാനു എന്നിവർക്കൊപ്പം ഖബ്‌റ, ജെസ്സൽ, മുഹീത് എന്നിവരാണ് ടീം വിട്ടത്.

അതിനു പിന്നാലെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിങ്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. ബെംഗളൂരു വിട്ട വെസ്റ്റ് ബംഗാൾ താരമായ പ്രബീർ ദാസിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിലെത്തിച്ചത്. ഇരുപത്തിയൊമ്പതു വയസുള്ള, ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെ പരിചയസമ്പന്നനായ, ഖബ്‌റയുടെ പകരക്കാരനായി എത്തിയ താരത്തെ വളരെ ആവേശത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്വാഗതം ചെയ്യുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാനപ്പെട്ട ആരാധകസംഘടനയായ മഞ്ഞപ്പടയുടെ പേജിൽ പ്രബീർ ദാസിനെ സ്വാഗതം ചെയ്‌തു കൊണ്ടുള്ള പോസ്റ്റിൽ താരത്തിന്റെ മികവുകൾ എടുത്തു പറയുന്നുണ്ട്. വേഗതയും, വളരെ കൃത്യതയുള്ള ക്രോസുകളും കൈമുതലായിട്ടുള്ള താരം മികച്ചൊരു ടീം പ്ലേയേറാണെന്നും അവർ പറയുന്നു. എല്ലാ തികഞ്ഞൊരു പാക്കേജാണ്‌ ടീമിന് ലഭിച്ചതെന്നും അവർ വ്യക്തമാക്കുന്നു.

കഴിഞ്ഞ സീസണിൽ ഇരുപതു മത്സരങ്ങളിലാണ് ബെംഗളൂരുവിനു വേണ്ടി പ്രബീർ ദാസ് കളത്തിലിറങ്ങിയത്. ടീമിന്റെ ഫൈനലിലേക്കുള്ള കുതിപ്പിൽ നിർണായകമായ പ്രകടനം നടത്താൻ താരത്തിന് കഴിയുകയും ചെയ്‌തു. ബെംഗളൂരുവിൽ തന്നെ തുടരാൻ അവസരമുണ്ടായിരുന്നെങ്കിലും സീസൺ അവസാനിച്ചതോടെ താരം ക്ലബ് വിട്ട് ബ്ലാസ്റ്റേഴ്‌സിൽ എത്തുകയായിരുന്നു.

രണ്ടു ഇന്ത്യൻ സൂപ്പർ ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള പ്രബീർ ദാസ് തന്റെ സ്വാഭാവികമായ പ്രകടനം ആവർത്തിച്ചാൽ തന്നെ ബ്ലാസ്റ്റേഴ്‌സിനത് വലിയ നേട്ടമാണ്. കഴിഞ്ഞ സീസണിൽ ടൂർണമെൻറിലെ ടോപ് സ്കോറർമാരിൽ ഒരാളായിരുന്ന ദിമിക്ക് കൃത്യമായി പന്തുകൾ എത്തിക്കാൻ വലതുവിങ്ങിൽ കളിക്കുന്ന പ്രബീർ ദാസിന് കഴിഞ്ഞാൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് ഒരുപാട് ദൂരം മുന്നോട്ടു പോകാൻ കഴിയും.

Fans Hails Kerala Blasters New Signing Prabir Das