റയൽ മാഡ്രിഡിന്റെ വാഗ്‌ദാനങ്ങൾ നിരസിച്ചു, ലയണൽ മെസിയുടെ പകരക്കാരനാവാനുറപ്പിച്ച് മാർകോ അസെൻസിയോ | Marco Asensio

സ്‌പാനിഷ്‌ ക്ലബുകളായ റയൽ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവരും ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയും തമ്മിൽ ഒരു ശീതയുദ്ധം നടക്കുന്നുണ്ടെന്നത് ഫുട്ബോൾ കൃത്യമായി നിരീക്ഷിക്കുന്ന എല്ലാവർക്കുമറിയുന്ന കാര്യമാണ്. നെയ്‌മറെ റിലീസ് ക്ലോസ് നൽകി സ്വന്തമാക്കിയതും വെറാറ്റിയെ വിട്ടു നൽകാത്തതുമാണ് ബാഴ്‌സലോണയുടെ പ്രശ്‌നമെങ്കിൽ എംബാപ്പയുമായി ബന്ധപ്പെട്ടാണ് റയൽ മാഡ്രിഡിന്റെ അസ്വാരസ്യങ്ങൾക്കു കാരണം.

റയൽ മാഡ്രിഡും പിഎസ്‌ജിയും തമ്മിലുള്ള ശീതയുദ്ധത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തുന്ന സംഭവമാണ് ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നടക്കാൻ പോകുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ സീസണോടെ റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കുന്ന സ്‌പാനിഷ്‌ താരമായ മാർകോ അസെൻസിയോ അത് പുതുക്കുന്നില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. താരം പിഎസ്‌ജിയോട് അടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഈ സീസണോടെ കരാർ അവസാനിക്കുന്ന ലയണൽ മെസി പിഎസ്‌ജി വിടുമെന്നുറപ്പായിക്കഴിഞ്ഞു. പരിശീലകൻ ഗാൾട്ടിയാർ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മെസി ക്ലബ് വിടുന്നതോടെ താരത്തിന്റെ സ്ഥാനത്ത് സ്ഥിരമായി കളിക്കാൻ കഴിയുമെന്നതാണ് അസെൻസിയോ പിഎസ്‌ജിയെ പരിഗണിക്കാൻ കാരണം. അതേസമയം എംബാപ്പയെ കഴിഞ്ഞ സമ്മറിൽ സ്വന്തമാക്കാൻ കഴിയാതിരുന്ന റയലിനെ സംബന്ധിച്ച് അസെൻസിയോ പിഎസ്‌ജിയിലെത്തുന്നത് തിരിച്ചടിയാണ്.

റയൽ മാഡ്രിഡിൽ തനിക്ക് അവസരങ്ങൾ കുറയുമെന്നതും അസെൻസിയോ ക്ലബ് വിടാനുള്ള കാരണമാണ്. വിനീഷ്യസ്, റോഡ്രിഗോ എന്നീ താരങ്ങൾ വിങ്ങുകളിൽ കളിക്കുന്നതിനാൽ അസെൻസിയോക്ക് അവസരങ്ങൾ കുറവാണ്. അടുത്ത വർഷം യൂറോ കപ്പ് നടക്കുമെന്നിരിക്കെ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്‌ഷ്യം വെച്ചാണ് താരം റയൽ മാഡ്രിഡിന്റെ ഓഫർ തള്ളിക്കളയുന്നത്.

Marco Asensio Decided To Join PSG