ഞാൻ സൗദി അറേബ്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാകും, യൂറോപ്പിലേക്ക് മടങ്ങി വരാനുള്ള പദ്ധതിയില്ലെന്ന് വ്യക്തമാക്കി റൊണാൾഡോ | Cristiano Ronaldo

കഴിഞ്ഞ സീസണിനിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഉടക്കി ക്ലബ് വിട്ടു സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പക്ഷെ നിരാശപ്പെടാനായിരുന്നു വിധി. ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടുന്നുണ്ടെങ്കിലും സാധ്യമായ കിരീടങ്ങളൊന്നും അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞില്ല. റൊണാൾഡോയുടെ കരിയറിൽ ആദ്യമായി രണ്ടു സീസൺ തുടർച്ചയായി കിരീടമില്ലാതെ പൂർത്തിയാക്കേണ്ടി വരികയും ചെയ്‌തു.

സൗദിയിൽ കിരീടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാത്തതിനാൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിലേക്ക് തിരികെ വരാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സൗദിയിൽ താരം നിരാശനാണെന്നാണ് ഏവരും കരുതിയത്. എന്നാൽ ഈ റിപ്പോർട്ടുകളെ തള്ളി സൗദി അറേബ്യയിൽ തന്നെ അടുത്ത സീസണിൽ തുടരുമെന്ന് വ്യക്തമാക്കിയ താരം ലോകത്തിലെ ഏറ്റവും മികച്ച ലീഗായി അവിടം മാറുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

“ഞാൻ ഇവിടെ സന്തുഷ്ടനാണ്, ഇവിടെ തന്നെ തുടരാൻ ആഗ്രഹിക്കുന്നു, ഞാൻ ഇവിടെ തുടരും,’ അദ്ദേഹം പറഞ്ഞു. “എന്റെ അഭിപ്രായത്തിൽ, അവർ ഇവിടെ ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഇതുപോലെ തന്നെ തുടരുകയാണെങ്കിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സൗദി ലീഗിന് ലോകത്തിലെ മികച്ച അഞ്ച് ലീഗുകളിൽ ഒന്നാകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.” റൊണാൾഡോ കഴിഞ്ഞ ദിവസം പറഞ്ഞു.

‘ഞാൻ നിങ്ങളുടെ ലോകത്തിന്റെ ഭാഗമാകും, നിങ്ങളുടെ സംസ്‌കാരത്തിന്റെയും. ഞാൻ ഇവിടെ ഉണ്ടാകും, എന്റെ കളികളിലൂടെയും എന്റെ പ്രകടനത്തിലൂടെയും കിരീടങ്ങൾ വിജയിക്കുന്നതിലൂടെയും എല്ലാവരെയും ആസ്വദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ സ്വാഗതം ചെയ്‌തതിനു നന്ദി, ഞാൻ ശ്രമിക്കും. ഞാൻ ഇവിടെ ഉണ്ടായിരിക്കുന്ന സമയത്ത് എന്റെ ഏറ്റവും മികച്ചത് നൽകും.” റൊണാൾഡോ വ്യക്തമാക്കി.

Cristiano Ronaldo Confirm He Will Stay In Saudi Arabia