“ഞാൻ ഓക്കേ പറഞ്ഞ് വാതിലുകൾ തുറന്നിട്ടിരിക്കുന്നു”- ലയണൽ മെസിയുടെ തിരിച്ചുവരവിൽ നിർണായക പ്രതികരണവുമായി സാവി | Lionel Messi

ബാഴ്‌സലോണ ലയണൽ മെസിക്കായി എല്ലാ തരത്തിലുമുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം സാവി നടത്തിയ പ്രതികരണം ആരാധകരിൽ സംശയങ്ങൾ ഉണ്ടാക്കിയിരുന്നു. ലയണൽ മെസിയുടെ ഭാവി താരം തന്നെയാണ് തീരുമാനിക്കുകയെന്നാണ് സാവി പറഞ്ഞത്. ബാഴ്‌സലോണയുടെ ഓഫർ വരുന്നതിനു വേണ്ടി കാത്തിരിക്കുന്ന മെസിയെ സംബന്ധിച്ച് നടത്തിയ ഈ പ്രതികരണമാണ് ആരാധകരിൽ സംശയങ്ങൾ ഉണ്ടാക്കിയത്.

എന്നാൽ എല്ലാ സംശയങ്ങളെയും ദൂരീകരിക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം സാവി നടത്തിയത്. “അടുത്തയാഴ്ച ലയണൽ മെസി തന്റെ ഭാവിയെക്കുറിച്ച് തീരുമാനിക്കും. അവൻ ഞാൻ നൂറു ശതമാനം ഓക്കേ പറഞ്ഞിട്ടുണ്ട്. താരം ഇവിടെയെത്തിയാൽ ടീമിനെ വളരെയധികം സഹായിക്കുമെന്ന് എനിക്കറിയാം. ഇപ്പോഴും ഉയർന്ന നിലവാരത്തിൽ തുടരാൻ കഴിയുന്ന ഫുട്ബോൾ അദ്ദേഹത്തിനുണ്ടെന്ന് ഞാൻ കരുതുന്നു.”

“താരം ബാഴ്‌സയിൽ വരുന്നതിനാണ് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത്. ക്ലബിന്റെ വാതിലുകൾ തുറന്നിരിക്കുന്നു, അത് നന്നായി നടക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്. കരാർ സംബന്ധമായ കാര്യങ്ങളിൽ സങ്കീർണതകൾ ഉണ്ടെന്നാണ് എനിക്ക് ലഭ്യമായ വിവരം. പക്ഷേ ഏറ്റവുമവസാനം കോച്ചാണ് ഓകെ പറയേണ്ടതെങ്കിൽ, അത് ഞാൻ നൽകിയിട്ടുണ്ട്. മറ്റുള്ള കാര്യങ്ങൾ എന്റെ കയ്യിലുള്ളതല്ല.” സാവി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകളും അടുത്ത വാരത്തിൽ ലയണൽ മെസി തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കും എന്നായിരുന്നു. ലാ ലിഗ ലയണൽ മെസിയുടെ പിതാവിനെ വിളിച്ചുവെന്നും തിങ്കളാഴ്‌ച അവരുടെ തീരുമാനം അറിയിക്കുമെന്നുമാണ് ജെറാർഡ് റൊമേറോ വെളിപ്പെടുത്തിയത്. ലാ ലീഗയുടെ തീരുമാനം അനുകൂലമാണെങ്കിൽ ലയണൽ മെസി ക്ലബ്ബിലേക്ക് തിരിച്ചുവരുമെന്നുറപ്പാണ്.

Xavi Says Lionel Messi Will Decide Future Next Week