റയൽ മാഡ്രിഡിനോടുള്ള ആത്മാർത്ഥത വീണ്ടും തെളിയിച്ച് കരിം ബെൻസിമ, നിലപാടിൽ മാറ്റം | Karim Benzema

കരിം ബെൻസിമ റയൽ മാഡ്രിഡ് വിടുമെന്ന അഭ്യൂഹങ്ങളാണ് ഫുട്ബോൾ ലോകത്ത് കുറച്ചു ദിവസമായി സജീവമായി നിലനിൽക്കുന്നത്. പതിനാലു വർഷമായി മറ്റൊരു സ്‌ട്രൈക്കറെ കുറിച്ച് റയൽ മാഡ്രിഡ് ചിന്തിക്കുക പോലും ചെയ്യാത്ത തരത്തിൽ ടീമിനായി മികച്ച പ്രകടനം നടത്തിയ താരം സൗദി അറേബ്യയിൽ നിന്നുള്ള വമ്പൻ ഓഫറിൽ ആകർഷിക്കപ്പെട്ട് ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ തന്റെ നിലപാടിൽ കരിം ബെൻസിമ മാറ്റം വരുത്തിയെന്നാണ് ഏറ്റവും പുതിയ സൂചനകൾ. കഴിഞ്ഞ ദിവസം അഭ്യൂഹങ്ങൾക്ക് താരം നൽകിയ മറുപടി ഇങ്ങിനെയായിരുന്നു. “ഞാൻ റയൽ മാഡ്രിഡിൽ തന്നെ തുടരുമോ? ഞാനിപ്പോൾ റയൽ മാഡ്രിഡിനൊപ്പമാണുള്ളത്. ബാക്കിയെല്ലാം ഇന്റർനെറ്റാണ് സംസാരിക്കുന്നത്. ഇന്റർനെറ്റല്ല യാഥാർത്ഥ്യം” എന്നായിരുന്നു.

ഫ്രഞ്ച് താരത്തിന്റെ വാക്കുകൾ റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്നാണ് വ്യക്തമാക്കുന്നത്. അതിനു പുറമെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കരിം ബെൻസിമ ഒരു സീസൺ കൂടി റയൽ മാഡ്രിഡിനൊപ്പം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കാൻ കഴിയുന്ന ഒന്നാണ്. കരാർ അവസാനിക്കുന്നത് വരെ കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓർ ജേതാവ് ടീമിലുണ്ടാകാനാണ് സാധ്യത.

റയൽ മാഡ്രിഡിന്റെ വലിയൊരു പദ്ധതിക്കൊപ്പം നിൽക്കാൻ കൂടി വേണ്ടിയാണ് ബെൻസിമ ടീമിൽ തുടരുന്നത്. അടുത്ത സമ്മറിൽ കിലിയൻ എംബാപ്പയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നുണ്ട്. അതുവരെ ടീമിനൊപ്പം ബെൻസിമയുണ്ടാകും. നിലവിൽ ഒരു സീസണിൽ ഇരുപത്തിനാലു മില്യൺ യൂറോയോളം പ്രതിഫലം വാങ്ങുന്ന താരം സൗദിയിൽ നിന്നുള്ള 200 മില്യൺ യൂറോയിലധികം വരുന്ന ഓഫർ തള്ളിക്കളയാനാണ് ഒരുങ്ങുന്നത്.

Karim Benzema To Stay With Real Madrid For Another Season