മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇഞ്ചോടിഞ്ചു പോരാട്ടം, ജർമൻ മഞ്ഞക്കടലിനു കേരളത്തിന്റെ മഞ്ഞപ്പടയുടെ വെല്ലുവിളി

ഫുട്ബോളുമായി ബന്ധപ്പെട്ട ഇൻഫ്ളുവൻസറായ ഫിയാഗോ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ലോകത്തിലെ മികച്ച ഫൻബേസുള്ള ഫുട്ബോൾ ക്ലബ് ഏതാണെന്നു കണ്ടുപിടിക്കാനുള്ള മത്സരം നടത്താനാരംഭിച്ചത്. ട്വിറ്ററിലെ ഫാൻസ്‌ പോളിലൂടെയാണ് ടൂർണമെന്റ് മാതൃകയിൽ ഈ മത്സരം നടക്കുന്നത്.

ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയത് ജർമനിയിലെ പ്രമുഖ ടീമുകളിൽ ഒന്നായ ബൊറൂസിയ ഡോർട്ട്മുണ്ടും കേരള ബ്ലാസ്റ്റേഴ്‌സുമാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ ജർമൻ ക്ലബ് അനായാസം തോൽപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും പോളിംഗ് ആരംഭിച്ചപ്പോൾ അതല്ല സ്ഥിതി.

പോളിങ്ങിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആധിപത്യം സ്ഥാപിച്ചെങ്കിലും പിന്നീട് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഒഫീഷ്യൽ അക്കൗണ്ട് പോളിംഗ് ഷെയർ ചെയ്‌തതോടെ ലീഡ് നില മാറിമറിഞ്ഞു. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ അക്കൗണ്ടും ആരാധകരും അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ നടത്തി.

അതിന്റെ ഫലമായി പോളിംഗ് അവസാനിക്കാൻ ഇനി രണ്ടു മണിക്കൂറിലധികം മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സാണ് മുന്നിൽ നിൽക്കുന്നത്. 52 ശതമാനത്തിലധികം വോട്ടുകൾ കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചപ്പോൾ 48 ശതമാനം വോട്ടുകളാണ് ബൊറൂസിയ ഡോർട്ട്മുണ്ട് ഇപ്പോൾ നേടിയിരിക്കുന്നത്.

രണ്ടു മണിക്കൂര് ബാക്കിയുള്ളതിനാൽ ലീഡ് നില ഇനിയും മാറിമറിയാനുള്ള സാധ്യതയുണ്ട്. എന്നാൽ ലോകത്തിലെ തന്നെ വമ്പൻ ക്ലബുകളിലൊന്നിനെ ബ്ലാസ്റ്റേഴ്‌സ് വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്റർനാഷണൽ ബ്രേക്കിൽ ഫാൻസ്‌ എൻഗേജ്‌മെന്റ് വർധിപ്പിക്കാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.