അഴിച്ചുപണി കഴിഞ്ഞിട്ടില്ല, മറ്റൊരു വിദേശതാരം കൂടി കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്ക് | Kerala Blasters

ജൂൺ പിറന്നതോടെ കരാർ അവസാനിച്ച നിരവധി താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോട് വിട പറഞ്ഞു. വിദേശതാരങ്ങളായ ദിമിത്രിയോസ്, ലെസ്‌കോവിച്ച്, ഡൈസുകെ എന്നിവർക്കൊപ്പം ഇന്ത്യൻ ഗോൾകീപ്പർമാരായ കരൺജിത് സിങ്, ലാറാ ശർമ്മ എന്നിവരുമാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ഇതിൽ ദിമിത്രിയോസ് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

കരാർ അവസാനിച്ച താരങ്ങളായിട്ടും കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ തീരുമാനമെടുക്കാത്തത് രണ്ടു പേരുടെ കാര്യത്തിലാണ്. മുന്നേറ്റനിര താരമായ ലിത്വാനിയൻ നായകൻ ഫെഡോർ ചെർണിച്ച്, പ്രതിരോധതാരം മിലോസ് ഡ്രിൻസിച്ച് എന്നിവരാണത്. ടീമിലുള്ള മറ്റൊരു വിദേശഫോർവേഡ് ക്വാമേ പെപ്രക്ക് ഒരു വർഷം കൂടി കരാർ ബാക്കിയുണ്ട്. ലൂണ, സദൂയി എന്നിവർ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാകുമെന്നുമുറപ്പാണ്.

ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തു പോകുന്ന അടുത്ത വിദേശതാരം ആരായിരിക്കുമെന്ന കാര്യത്തിൽ സൂചനകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീമിലെത്തിയ മുന്നേറ്റനിര താരം ക്വാമേ പെപ്ര ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ സാധ്യതയില്ല. സീസണിന്റെ തുടക്കത്തിൽ ആരാധകരെ നിരാശപ്പെടുത്തി പിന്നീട് ഫോമിലെത്തിയ താരത്തിന് ജനുവരിയിൽ പരിക്കേറ്റ് അതിനു ശേഷം കളിക്കാൻ കഴിഞ്ഞിരുന്നില്ല.

ക്വാമേ പെപ്രയുടെ വർക്ക് റേറ്റും പ്രെസിങ്ങും വളരെ മികച്ചതാണെന്ന് കഴിഞ്ഞ സീസണിലെ മത്സരങ്ങൾ കണ്ടവർക്ക് മനസിലാകും. താരത്തിന് പരിക്കേറ്റു പുറത്തു പോയതോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം വളരെ മോശമായത്. ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങിയതോടെ അടുത്ത സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് താരം പുറത്തു പോകാനുള്ള സാധ്യത കൂടുന്നത്.

പെപ്രയെ സംബന്ധിച്ച് പന്തടക്കത്തിലും പെട്ടന്ന് ആക്രമണങ്ങൾ സംഘടിപ്പിക്കാനുള്ള കഴിവിലും പരിമിതികളുണ്ട്. ഒന്നാന്തരം പ്രസ് മെഷീനാണെങ്കിലും പാസുകളും കൃത്യത പുലർത്തുന്നത് കുറവാണ്. മൈക്കൽ സ്റ്റാറെയെ സംബന്ധിച്ച് ഇതെല്ലാം പ്രധാനമാണെന്നിരിക്കെ താരം പുറത്തു പോവുകയാണെങ്കിൽ അത് പരിശീലകന്റെ ഇടപെടൽ കൊണ്ടു തന്നെയായിരിക്കും.

Kerala Blasters May Sell Kwame Peprah