ഫെഡോറിന്റെ തിരിച്ചുവരവിന് സാധ്യതയേറുന്നു, ബ്ലാസ്റ്റേഴ്‌സ് നൽകുന്ന സൂചനകളിൽ നിന്നും വ്യക്തം | Kerala Blasters

ജൂൺ മാസം പിറന്നതോടെ നിരവധി താരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ വിവിധ ക്ലബുകൾ വിടുന്നത്. മെയ് മാസത്തോടെ കരാർ അവസാനിച്ച താരങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകളാണ് നിറയെ കാണുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി അഞ്ചു താരങ്ങൾ കരാർ അവസാനിച്ചതിനാൽ ക്ലബ് വിടുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിരോധതാരമായ മാർകോ ലെസ്‌കോവിച്ച്, ജാപ്പനീസ് മുന്നേറ്റനിര താരം ഡൈസുകെ സകായി, കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറർ ദിമിത്രിയോസ് എന്നിവർക്കൊപ്പം ഇന്ത്യൻ ഗോൾകീപ്പർമാരായ കരൺജിത് സിങ്, ലാറാ ശർമ എന്നിവർക്കാണ് ബ്ലാസ്റ്റേഴ്‌സ് നന്ദി പറഞ്ഞിരിക്കുന്നത്. ഇനി ഏതെങ്കിലും താരത്തിനു നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റേഴ്‌സ് ഇന്ന് വരുമോയെന്നതിൽ വ്യക്തതയില്ല.

എന്തായാലും ഇതുവരെയുള്ള പോസ്റ്ററിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നത് കഴിഞ്ഞ സീസണിൽ അഡ്രിയാൻ ലൂണക്ക് പകരക്കാരനായി എത്തിയ ലിത്വാനിയൻ നായകനായ ഫെഡോർ ചെർണിച്ച് ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരാനുള്ള സാധ്യതയുണ്ടെന്നാണ്. കരാർ അവസാനിച്ച താരത്തിന് നന്ദിയറിയിച്ചു കൊണ്ടുള്ള പോസ്റ്റർ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ഇട്ടിട്ടില്ലെന്നത് തന്നെയാണ് അതിനു കാരണം.

അഡ്രിയാൻ ലൂണ, നോഹ സദൂയി എന്നിവരെ മാറ്റി നിർത്തിയാൽ ഇനി ടീമിൽ ബാക്കിയുള്ള വിദേശതാരങ്ങൾ ക്വാമേ പെപ്ര, ഫെഡോർ ചെർണിച്ച്, മിലോസ് ഡ്രിൻസിച്ച് എന്നിവരാണ്. ഇതിൽ പെപ്രക്ക് ബ്ലാസ്റ്റേഴ്‌സുമായി കരാർ ബാക്കിയുണ്ട്. മീലൊസ് തുടർന്നേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളും ഉണ്ടായിരുന്നു. പിന്നെ ബാക്കിയുള്ളത് ഫെഡോർ മാത്രമാണ്.

ഇതിൽ ഫെഡോറിനു നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റർ ഇടാത്തതിനാൽ തന്നെ താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വേണം കരുതാൻ. കഴിഞ്ഞ സീസണിൽ ജനുവരിയിൽ എത്തിയ താരം ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ താൽപര്യം നേരത്തെ അറിയിച്ചിട്ടുള്ള താരം എത്തുകയാണെങ്കിൽ അത് ടീമിന് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.

fpm_start( "true" ); /* ]]> */

Kerala Blasters Likely To Retain Fedor Cernych