ഐ ലീഗും ടീമുകളും ചെറുതല്ല, ബ്ലാസ്‌റ്റേഴ്‌സിനു ഷോക്ക് നൽകി ശ്രീനിധി ഡെക്കാൻ | Hero Super Cup

ഇന്ത്യൻ സൂപ്പർ ലീഗിനെ അടിസ്ഥാനമാക്കി നോക്കുമ്പോൾ ഐ ലീഗ് ഇന്ത്യയിലെ രണ്ടാം ഡിവിഷൻ ലീഗാണെങ്കിലും തങ്ങളും പ്രകടനത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ശ്രീനിധി ഡെക്കാൻ സൂപ്പർകപ്പിൽ കാഴ്‌ച വെക്കുന്നത്. സൂപ്പർലീഗിലെ ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിനെ സമനിലയിൽ തളച്ച ടീം ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കുകയും ചെയ്‌തു.

സഹൽ അടക്കമുള്ള താരങ്ങൾ ആദ്യ ഇലവനിൽ ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് പതിനേഴാം മിനുട്ടിൽ തന്നെ ആദ്യത്തെ ഗോൾ വഴങ്ങി. റിൽവാൻ ഹസനാണ് കൊമ്പന്മാർക്കെതിരെ ആദ്യത്തെ ഗോൾ നേടിയത്. അതിനു ശേഷം ആദ്യപകുതി അവസാനിക്കാൻ രണ്ടു മിനുട്ട് മാത്രം ശേഷിക്കെ യുവാൻ ഡേവിഡ് കാസ്റ്റാൻഡാ ഐ ലീഗ് രണ്ടാം സ്ഥാനക്കാർക്ക് വേണ്ടി രണ്ടാമത്തെ ഗോളും സ്വന്തമാക്കി.

രണ്ടാം പകുതിയിൽ സഹൽ, ജിയാനു എന്നിവർ കളത്തിലിറങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങൾ ഒന്നുകൂടി ശക്തി പ്രാപിച്ചു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഉതിർത്ത ഒരു ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് തിരിച്ചു വരാനുള്ള പദ്ധതികൾക്ക് തടസം സൃഷ്‌ടിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളെ കൃത്യമായി തടഞ്ഞു നിർത്തിയ ശ്രീനിധി ഇടക്ക് നടത്തിയ മുന്നേറ്റങ്ങൾ ഭീഷണി സൃഷ്‌ടിച്ചിരുന്നു.

മത്സരത്തിൽ തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് വീണു. ആദ്യസ്ഥാനക്കാർ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറുകയെന്നിരിക്കെ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകൾ വളരെ കുറവാണ്. അടുത്ത മത്സരത്തിൽ വിജയം നേടിയാലും ശ്രീനിധി ഡെക്കാന്റെ മത്സരഫലം അനുസരിച്ചായിരിക്കും ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു പോകാനുള്ള സാധ്യതകൾ.

കഴിഞ്ഞ മത്സരത്തിലേതു പോലെ വലിയ ആരാധകപ്പട കേരള ബ്ലാസ്റ്റേഴ്‌സിന് പിന്തുണ നൽകാൻ എത്തിയില്ലായിരുന്നു. റമദാൻ വ്രതവും മത്സരം അഞ്ചു മണിക്ക് തുടങ്ങിയതുമാണ് ആരാധകർ കുറയാൻ കാരണമായത്. മലബാറിൽ കാണികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൂപ്പർകപ്പ് ഇവിടെ സംഘടിപ്പിച്ചതെങ്കിലും കാണികൾ കുറയുന്നത് വലിയൊരു തിരിച്ചടി തന്നെയാണ്.

Content Highlights: Kerala Blasters Lost Against Sreenidhi Deccan In Hero Super Cup