നാല് വർഷത്തിനിടെ റൊണാൾഡോ കളിച്ച ടീമുകളിൽ നിന്നും പുറത്താക്കപ്പെട്ടത് ഏഴു പരിശീലകർ | Cristiano Ronaldo

അൽ നസ്ർ തങ്ങളുടെ പരിശീലകസ്ഥാനത്തു നിന്നും റൂഡി ഗാർസിയയെ പുറത്താക്കാനുള്ള തീരുമാനമെടുത്തുവെന്ന റിപ്പോർട്ടുകൾ ഇപ്പോൾ ശക്തമായി ഉയർന്നു വരുന്നുണ്ട്. സൗദി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങി സൗദി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് വീണതിനെ തുടർന്ന് റൊണാൾഡോ അടക്കമുള്ള അൽ നസ്ർ താരങ്ങളെ വിമർശിച്ചതാണ് റൂഡി ഗാർസിയ പുറത്താകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന ടീമുകളിൽ നിന്നും പരിശീലകർ നിരന്തരമായി പുറത്താക്കപ്പെടുന്നതാണ് ഇതിനു പിന്നാലെ ഫുട്ബോൾ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. റയൽ മാഡ്രിഡ് വിട്ടതിനു ശേഷം മൂന്നു ക്ലബുകളിലാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്. റൂഡി ഗാർസിയയെ പുറത്താക്കിയത് ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ ഈ മൂന്നു ക്ലബുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളപ്പോൾ പുറത്താക്കപ്പെടുന്ന ആറാമത്തെ പരിശീലകനാണ് അദ്ദേഹം.

2019ൽ യുവന്റസ് പരിശീലകനായ മാസിമിലിയാനോ അല്ലെഗ്രിയാണ് റൊണാൾഡോ ക്ലബ്ബിലേക്ക് എത്തിയതിനു ശേഷം ആദ്യം പുറത്തു പോകുന്നത്. അതിനു ശേഷം യുവന്റസിന്റെ പരിശീലകരായെത്തിയ മൗറീസിയോ സാറി, ആന്ദ്രേ പിർലോ എന്നിവരും ക്ലബിന്റെ മോശം ഫോമിനെത്തുടർന്ന് പുറത്തു പോയി. അന്ന് യുവന്റസിൽ നിന്നും പുറത്താക്കപ്പെട്ട അല്ലെഗ്രി തന്നെയാണ് ഇപ്പോൾ ക്ലബിന്റെ പരിശീലകനെന്നതാണ് വ്യത്യസ്‌തമായ കാര്യം.

യുവന്റസിൽ നിന്നും റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം രണ്ടു പരിശീലകർക്ക് അവരുടെ സ്ഥാനം നഷ്‌ടമായി. ടീമിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചെങ്കിലും അതിനു പിന്നാലെയുള്ള സീസണിൽ റൊണാൾഡോ എത്തിയതോടെ ഒലെ ഗുണ്ണാർ സോൾഷെയറിനു തന്റെ സ്ഥാനം നഷ്‌ടമായി. അതിനു ശേഷം താൽക്കാലിക പരിശീലകനായി ടീമിലേക്ക് വന്ന റാഫ് റാങ്നിക്കിനും ക്ലബിനൊപ്പം തുടരാൻ കഴിഞ്ഞില്ല.

അതേസമയം റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഒഴിവാക്കാൻ പങ്കു വഹിച്ച എറിക് ടെൻ ഹാഗ് ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായി ടീമിനെ മികച്ച ഫോമിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതിനു പിന്നാലെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്ന സൗദി ക്ലബായ അൽ നസ്ർ ടീമിന്റെ കൂടി പരിശീലകൻ പുറത്തു പോകുമെന്ന വാർത്ത ഇപ്പോൾ ശക്തമായി ഉയർന്നു വരുന്നത്.

ഇതിനിടയിൽ റൊണാൾഡോയുടെ പോർച്ചുഗൽ ദേശീയ ടീമിലും ഒരു പരിശീലകൻ പുറത്താക്കപ്പെട്ടിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ കഴിഞ്ഞില്ലെന്നതിന്റെ പേരിൽ ഫെർണാണ്ടോ സാന്റോസാണ് പുറത്തു പോയത്. റൊണാൾഡോ കളിക്കുമ്പോൾ പരിശീലകർ പുറത്താക്കപ്പെടുകയും റൊണാൾഡോയെ ഒഴിവാക്കിയ പരിശീലകന് കീഴിൽ ടീം മികച്ച പ്രകടനം നടത്തുകയും ചെയ്യുമ്പോൾ യഥാർത്ഥത്തിൽ പ്രശ്‌നം ആരുടേതെന്നാണ് ആരാധകർ ചിന്തിക്കുന്നത്.

Content Highlights: Seven Managers Sacked In Four Years From Teams Cristiano Ronaldo Playing