റൊണാൾഡോയെ വിമർശിച്ചതിനു പിന്നാലെ അൽ നസ്ർ പരിശീലകൻ പുറത്തേക്ക് | Al Nassr

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിലേക്ക് ചേക്കേറിയപ്പോൾ തന്നെ പരിശീലകനായ റൂഡി ഗാർസിയയും താരവും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. റൊണാൾഡോയെക്കാൾ ലയണൽ മെസിയെ ഇഷ്‌ടപ്പെടുന്ന പരിശീലകനാണ് ഗാർസിയയെന്നതാണ് അതിനു കാരണമായി പറഞ്ഞിരുന്നത്. എങ്കിലും വലിയ കുഴപ്പങ്ങളൊന്നും റൊണാൾഡോയും പരിശീലകനും തമ്മിൽ ഉണ്ടായിരുന്നില്ല.

എന്നാൽ അൽ നസ്ർ റൂഡി ഗാർസിയയെ പുറത്താക്കാൻ പോവുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ശക്തമായി പുറത്തു വരുന്നത്. സൗദി അറേബ്യൻ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തു വിടുന്നത്. അൽ നസ്ർ ഡ്രസിങ് റൂമിൽ റൂഡി ഗാർസിയയുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങൾ ഉയരുന്നതു കൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം ക്ലബ് നേതൃത്വം എടുത്തതെന്നും അടുത്ത് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കുമ്പോൾ അൽ നസ്ർ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. എന്നാൽ അൽ ഇത്തിഹാദിനെതിരെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങുകയും അതിനു ശേഷം അൽ ഫെയ്‌ഹക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ തോൽവി നേരിടുകയും ചെയ്‌തതോടെ അൽ നസ്ർ രണ്ടാം സ്ഥാനത്തേക്ക് വീണു. ഇതുകൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം വന്നതെന്നാണ് കരുതേണ്ടത്.

കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയതിനു ശേഷം റൊണാൾഡോ അടക്കം ടീമിലെ താരങ്ങളെ റൂഡി ഗാർസിയ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അതിനു മുൻപത്തെ മത്സരത്തിൽ അഞ്ചു ഗോളുകൾക്ക് വിജയം നേടിയ അതെ ശൈലിയിൽ കളിക്കാനാണ് താൻ പറഞ്ഞതെന്നും എന്നാൽ താരങ്ങൾ അത് വിലക്കെടുത്തില്ലെന്നും പറഞ്ഞ അദ്ദേഹം ഇതൊരിക്കലും അംഗീകരിക്കാൻ കഴിയാതെ തോൽവിയാണെന്നും പറഞ്ഞിരുന്നു.

റൂഡി ഗാർസിയയുടെ പുറത്താകലിൽ അദ്ദേഹത്തോടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അപ്രീതിയും കാരണമായെന്ന് തന്നെയാണ് കരുതേണ്ടത്. അൽ നസ്ർ ഡ്രസിങ് റൂമിൽ വളരെയധികം സ്വാധീനമുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അതുകൊണ്ടു തന്നെ റൊണാൾഡോയുടെ കൈകൾ ഇതിന് പിന്നിലുണ്ടെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. എന്തായാലും ഇനി റൊണാൾഡോയെ നയിക്കാൻ ആരെത്തുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Content Highlights: Al Nassr Reportedly Sacked Rudi Garcia