കേരള ബ്ലാസ്റ്റേഴ്‌സിനിത് അപമാനം, ക്ലബിനെതിരെ രൂക്ഷവിമർശനം നടത്തി മുൻ പരിശീലകൻ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി തിരിച്ചടികൾ നേരിട്ട സീസണാണിത്. ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതോടെ സൂപ്പർ ലീഗ് കിരീടം നേടാനുള്ള സാധ്യതകൾ നഷ്‌ടമാക്കിയ ടീമിന് അതിനു പിന്നാലെ എഐഎഫ്എഫിന്റെ നടപടികളും നേരിടേണ്ടി വന്നിരുന്നു. ഇവാൻ വുകോമനോവിച്ചിന് വിലക്കും പിഴയും നൽകിയ എഐഎഫ്എഫ് കേരള ബ്ലാസ്റ്റേഴ്‌സിന് വിലക്കാണ് നൽകിയത്.

അതേസമയം ഈ തിരിച്ചടികൾക്കിടയിൽ ബ്ലാസ്റ്റേഴ്‌സിന് നാണക്കേടുണ്ടാക്കുന്ന ഒരു പ്രതികരണം നടത്തിയിരിക്കുകയാണ് ക്ലബിന്റെ മുൻ സഹപരിശീലകൻ സ്റ്റീഫൻ വാൻ ഡെർ ഹെയ്‌ഡൻ. കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ ടീമും മികച്ച ആരാധകപ്പടയുള്ള ക്ലബുമെല്ലാമാണെങ്കിലും താൻ ഉണ്ടായിരുന്ന സമയത്ത് കൃത്യമായ പ്രതിഫലം തനിക്ക് ലഭിച്ചിട്ടില്ലെന്ന ഗുരുതരമായ ആരോപണമാണ് വാൻ ഡെർ ഹെയ്‌ഡൻ കഴിഞ്ഞ ദിവസം ഉയർത്തിയത്.

ഇൻസ്റ്റാഗ്രാമിൽ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടി നൽകുമ്പോഴാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഈ ആരോപണം ഉയർത്തിയത്. ക്ലബിൽ ആദ്യത്തെ പ്രതിഫലം തനിക്ക് ലഭിക്കുന്നത് നാല് മാസത്തിനു ശേഷം ഫൈനലിന് രണ്ടു ദിവസം മുൻപാണെന്നാണ് അദ്ദേഹം പറയുന്നത്. ഫൈനലിലും പ്ലേ ഓഫിലും എത്തിയാൽ നൽകാമെന്ന് ഉറപ്പു നൽകിയിരുന്ന ബോണസ് തുക ഒൻപത് മാസത്തിനു ശേഷം പകുതി മാത്രമാണ് നൽകിയതെന്നും അദ്ദേഹം പറയുന്നു.

താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് ഫിഫയെ അറിയിച്ചതിനു ശേഷം തന്റെ മെയിലിനു ബ്ലാസ്റ്റേഴ്‌സ് മറുപടി തരികയോ ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ്ഇൻ തുടങ്ങിയ ആപ്പുകളിൽ തന്റെ റിക്വസ്റ്റ് സ്വീകരിക്കുകയോ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ചെയ്‌തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബിനും അതിന്റെ ആരാധകർക്കും വളരെയധികം നാണക്കേടും അപമാനവും ഉണ്ടാക്കുന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

ഇവാൻ വുകോമനോവിച്ച് പരിശീലകനായി എത്തിയ സമയത്ത് പാട്രിക്ക് വാൻ കേറ്റ്സായിരുന്നു ടീമിന്റെ സഹപരിശീലകനെങ്കിലും അദ്ദേഹം പിന്നീട് സ്വകാര്യ ആവശ്യങ്ങളെ തുടർന്ന് ക്ലബ് വിടുകയായിരുന്നു. അതിനു ശേഷം ടീമിന്റെ സഹപരിശീലകനായ ഹെയ്‌ഡൻ വളരെ പെട്ടന്ന് തന്നെ ടീമിലെ താരങ്ങളുമായി ഒത്തുചേരുകയുണ്ടായി. എന്നാൽ പ്രതിഫലം കൃത്യമായി കിട്ടാത്തതിനെ തുടർന്ന് അദ്ദേഹം ക്ലബ് വിട്ടു പോവുകയായിരുന്നു.

Content Highlights: Former Assistant Coach Slams Kerala Blasters For Unpaid Salary