മെസി പോലും തലയിൽ കൈവെച്ചു പോകും, ഒരൊറ്റ മുന്നേറ്റത്തിനിടെ 4 പേരെ നട്ട്മെഗ് ചെയ്‌ത് മാഞ്ചസ്റ്റർ സിറ്റി താരം | Bernardo Silva

ബയേൺ മ്യൂണിക്കിനെതിരെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരം തുല്യശക്തികളുടെ ബലാബലമാകുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷയെങ്കിലും മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പ്രവേശനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

അതേസമയം മത്സരത്തിനു ശേഷം സോഷ്യൽ മീഡിയയിൽ ചർച്ചകളിൽ നിറയുന്നത് മാഞ്ചസ്റ്റർ സിറ്റിക്കായി തകർപ്പൻ പ്രകടനം നടത്തിയ മധ്യനിര താരം ബെർണാർഡോ സിൽവയാണ്. മത്സരത്തിനിടെ നടത്തിയ ഒരു മുന്നേറ്റത്തിൽ താരം എതിർടീമിലെ താരങ്ങളെ നട്ട്മെഗ് ചെയ്‌തതാണ്‌ ചർച്ചകളിൽ നിറയുന്നത്. ഒരു തവണയല്ല, മറിച്ച് നാല് തവണയാണ് പന്തുമായുള്ള മുന്നേറ്റത്തിനിടയിൽ പോർച്ചുഗൽ താരം എതിർടീമിലെ താരങ്ങളെ നട്ട്മെഗ് ചെയ്‌തത്‌.

പന്തുമായി വലതുവിങ്ങിലൂടെ മുന്നേറുന്നതിനിടയിൽ ആദ്യം അൽഫോൻസോ ഡേവീസിനെയാണ് സിൽവ നട്ട്മെഗ് ചെയ്‌തത്. അതിനു ശേഷം ഗോരേറ്റ്സകയെ നട്ട്മെഗ് ചെയ്‌ത താരം ബോക്‌സിലേക്ക് കുത്തിക്കുന്നതിനിടെ അൽഫോൻസോ ഡേവീസ് പന്ത് കൈക്കലാക്കാൻ ശ്രമം നടത്തി. എന്നാൽ അതിനെ കൃത്യമായി പ്രതിരോധിച്ച സിൽവ അതിനു ശേഷം രണ്ടു തവണ കനേഡിയൻ താരത്തെ നട്ട്മെഗ് ചെയ്‌തതിനു ശേഷം പന്ത് സഹതാരത്തിനു കൈമാറി.

ഗോളടിക്കാൻ കഴിയുന്ന പൊസിഷനിലേക്കാണ് സിൽവ ആ പന്ത് കൈമാറിയത് എങ്കിലും അത് മുതലാക്കാൻ മാഞ്ചസ്റ്റർ സിറ്റി താരത്തിന് കഴിഞ്ഞില്ല. ഷോട്ട് പോസ്റ്റിന് ഒരുപാട് അകലെയാണ് പോയത്. അത് ഗോളായി മാറിയിരുന്നെങ്കിൽ കൂടുതൽ പ്രശംസ ബെർണാർഡോ സിൽവയുടെ നീക്കങ്ങൾക്ക് ലഭിക്കുമായിരുന്നു. എന്നാൽ മത്സരം കണ്ടവരെല്ലാം താരത്തിന്റെ ഈ പ്രകടനം ശ്രദ്ധിച്ചിരുന്നുവെന്നതിൽ തർക്കമില്ല.

പൊതുവെ നട്ട്മെഗ് ചെയ്യുന്നതിൽ അസാമാന്യ കഴിവുള്ള ലയണൽ മെസിയെ പോലും വിസ്‌മയിപ്പിക്കുന്ന രീതിയിലാണ് സിൽവയുടെ നീക്കങ്ങൾ ഉണ്ടായത്. അതേസമയം നിലവിൽ മാഞ്ചസ്റ്റർ സിറ്റിയിലാണെങ്കിലും അടുത്ത സീസണിൽ സിൽവയെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളുണ്ട്. ഒരുപക്ഷെ മെസിയും സിൽവയും അടുത്ത സീസണിൽ ഒരുമിച്ച് കളിച്ചാലും അതിൽ അത്ഭുതപ്പെടാൻ കഴിയില്ല.

Content Highlights: Bernardo Silva Nutmegged 4 Bayern Players