യൂറോപ്പിലെ വമ്പൻ ക്ലബുകളെ വരെ പിന്നിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ്, ഇന്ത്യയിൽ നിന്നും മറ്റൊരു ക്ലബിനും സ്ഥാനമില്ല | Kerala Blasters

ആരാധകപിന്തുണയുടെ കാര്യത്തിൽ ഇന്ത്യൻ ഫുട്ബോളിലെന്നല്ല, ഏഷ്യയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഉണ്ടാക്കിയ ഓളം വളരെ വലുതാണെന്ന കാര്യത്തിൽ സംശയമില്ല. ക്ലബ് ആരംഭിച്ച് ഒരു പതിറ്റാണ്ടു പിന്നിടുന്നതേയുള്ളൂവെങ്കിലും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യൻ ക്ലബുകളെ മറികടക്കുന്ന രീതിയിലുള്ള ആരാധകപിന്തുണയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുന്നത്.

ഇപ്പോൾ ആരാധകപിന്തുണയുടെ കാര്യത്തിൽ മറ്റൊരു നേട്ടം ബ്ലാസ്‌റ്റേഴ്‌സിനെ തേടിയെത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഫുട്ബോൾ ക്ലബുകളിൽ ആഗോളതലത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നാൽപത്തിമൂന്നാം സ്ഥാനത്താണ്. യൂറോപ്പിലെ പേരുകേട്ട പല ഫുട്ബോൾ ക്ലബുകളെയും പിന്നിലാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് നാൽപത്തിമൂന്നാം സ്ഥാനത്തു നിൽക്കുന്നത്.

3.8 മില്യൺ ഫോളോവേഴ്‌സുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് നാൽപത്തിമൂന്നാം സ്ഥാനത്തു നിൽക്കുന്നത്. 153 മില്യൺ ഫോളോവേഴ്‌സുമായി റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തും 125 മില്യൺ ഫോളോവേഴ്‌സുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്തും നിൽക്കുന്ന ലിസ്റ്റിൽ റൊണാൾഡോയുടെ അൽ നസ്ർ പതിനൊന്നാം സ്ഥാനത്തും മെസിയുടെ ഇന്റർ മിയാമി പതിനാറാം സ്ഥാനത്തും നിൽക്കുന്നു.

യൂറോപ്പിലെ നിരവധി വമ്പൻ ക്ലബുകൾ ബ്ലാസ്റ്റേഴ്‌സിന് പിന്നിലാണെന്നതാണ് അഭിമാനകരമായ കാര്യം. ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള പോർച്ചുഗീസ് ക്ലബുകളായ പോർട്ടോ, ബെൻഫിക്ക, ഫ്രഞ്ച് ക്ലബായ മാഴ്‌സ എന്നിവരെല്ലാം ബ്ലാസ്റ്റേഴ്‌സിന് പിന്നിലാണ്. ഈ സീസണിൽ ഒരു മത്സരം പോലും തോൽക്കാതെ കുതിക്കുന്ന ജർമൻ ക്ലബായ ബയേർ ലെവർകൂസനും ബ്ലാസ്റ്റേഴ്‌സിന്റെ പിന്നിൽ തന്നെയാണ്.

ഇന്ത്യയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് മാത്രമാണ് ഈ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ക്ലബുകൾക്ക് പോലും സാധിക്കാത്ത കാര്യമാണ് ഒരു പതിറ്റാണ്ടിന്റെ പാരമ്പര്യം പോലുമില്ലാത്ത ബ്ലാസ്റ്റേഴ്‌സ് നേടിയിരിക്കുന്നത്. ആരാധകപിന്തുണയുടെ കാര്യത്തിൽ മറ്റുള്ളവർക്ക് മുട്ടി നിൽക്കാൻ പോലും കഴിയാത്ത ഉയരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.

Kerala Blasters Ranked 43rd Globally For Instagram Followers