കേരള ബ്ലാസ്റ്റേഴ്‌സിനു കരുത്ത് പകരാൻ മറ്റൊരു താരം കൂടിയെത്തുന്നു, പ്ലേ ഓഫിനു രജിസ്റ്റർ ചെയ്‌ത താരങ്ങളിൽ ഐബാനും | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങൾക്ക് യോഗ്യത നേടിയെങ്കിലും ടീമിന്റെ ഇപ്പോഴത്തെ പ്രകടനത്തിൽ ആരാധകർക്ക് നിരാശ മാത്രമാണുള്ളത്. ഈ സീസണിന്റെ ആദ്യത്തെ പകുതിയിൽ മികച്ച പ്രകടനം നടത്തിയ ടീം രണ്ടാം പകുതിയിൽ തകർന്നടിഞ്ഞു പോവുകയായിരുന്നു. ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീമിപ്പോൾ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.

പരിക്കുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിനു വലിയ തിരിച്ചടി നൽകിയത്. സീസണിന്റെ തുടക്കം മുതൽ പ്രധാന താരങ്ങളെ നഷ്‌ടമായിത്തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിൽ നിന്നും പിന്നീട് വിവിധ ഘട്ടങ്ങളിലായി നിരവധി താരങ്ങൾ പുറത്തു പോയി. അതിൽ ടീമിന്റെ നായകനായ അഡ്രിയാൻ ലൂണയും ഫോം കണ്ടെടുത്തു തുടങ്ങിയ പ്രെസിങ് മെഷീനായ സ്‌ട്രൈക്കർ ക്വമാ പെപ്രയുമെല്ലാം ഉൾപ്പെടുന്നു.

പ്ലേ ഓഫ് മത്സരങ്ങൾക്കായി അഡ്രിയാൻ ലൂണ രജിസ്റ്റർ ചെയ്യപ്പെട്ടുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ മറ്റൊരു താരം കൂടി പരിക്കിൽ നിന്നും തിരിച്ചെത്തി മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. സീസണിന്റെ തുടക്കത്തിലെ ഏതാനും മത്സരങ്ങൾ മാത്രം കളിച്ചതിനു ശേഷം പരിക്കേറ്റു പുറത്തു പോയ ഐബാൻ ഡോഹലിംഗാണ് പ്ലേ ഓഫിൽ തിരിച്ചെത്തുക.

ഏതാനും മത്സരങ്ങൾ മാത്രമേ കളിച്ചുള്ളൂവെങ്കിലും മികച്ച പ്രകടനമാണ് ഐബാൻ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നടത്തിയിരുന്നത്. താരത്തിന്റെ പരിക്ക് തിരിച്ചടിയായെങ്കിലും പകരക്കാരനായി എത്തിയ നവോച്ച സിങ് ഫോം കണ്ടെത്തിയത് ടീമിന് ആശ്വാസമായിരുന്നു. ഇപ്പോൾ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഈ രണ്ടു താരങ്ങളും ഉണ്ടാകുമെന്നത് പ്ലേ ഓഫ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് ഊർജ്ജമാണ്.

നിലവിലെ ഫോം പരിഗണിക്കുമ്പോൾ പ്ലേ ഓഫിൽ നിന്നും മുന്നേറാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയാൻ യാതൊരു സാധ്യതയുമില്ല. എന്നാൽ എല്ലാ താരങ്ങളും തങ്ങളുടെ പരമാവധി ശ്രമം നടത്തിയാൽ ഒരു അട്ടിമറിക്കുള്ള കരുത്ത് കൊമ്പന്മാർക്കുണ്ട്. പരിക്കേറ്റു പുറത്തായ താരങ്ങൾ തിരിച്ചെത്തിയതിനാൽ തന്നെ ആരാധകർക്ക് ഇപ്പോഴും പ്രതീക്ഷകൾ ബാക്കിയാണ്.

Kerala Blasters Register Aiban Dohling For Play Offs