യൂറോപ്യൻ ലീഗിൽ മിന്നിത്തിളങ്ങിയ താരം, കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് നിസാരക്കാരനെയല്ല

അടുത്ത സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യമായി ഒരു സൈനിങ്‌ പ്രഖ്യാപിക്കുന്നത് കഴിഞ്ഞ ദിവസമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾകീപ്പിങ് ഡിപ്പാർട്ട്മെന്റിനു കരുത്തേകാൻ ബെംഗളൂരു സ്വദേശിയായ പത്തൊമ്പതുകാരൻ ഗോൾകീപ്പർ സോം കുമാറിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. വിദേശലീഗുകളിൽ കളിച്ചു പരിചയമുള്ള താരമാണ് സോം കുമാർ.

2005ൽ ജനിച്ച സോം കുമാർ ബെംഗളൂരു എഫ്‌സിയിലാണ് തന്റെ യൂത്ത് കരിയറിന് തുടക്കം കുറിക്കുന്നത്. തുടർന്ന് അർജന്റൈൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സിന്റെ ഇന്ത്യയിലെ അക്കാദമിയിലും ബെംഗളൂരു യൂത്ത് ഫുട്ബോൾ ലീഗ് അക്കാദമിയിലും കളിച്ചതിനു ശേഷം യൂറോപ്യൻ രാജ്യമായ സ്ലോവേനിയയിലേക്ക് ചേക്കേറി അവിടെയുള്ള വിവിധ ക്ലബുകളുടെ യൂത്ത് ടീമിൽ കളിച്ചു. ഇന്ത്യയുടെ U17, U20 ടീമുകളിലും താരം കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ സ്ലോവേനിയൻ ക്ലബായ ഒളിമ്പിയയുടെ അണ്ടർ 19 ടീമിന് വേണ്ടി താരം മിന്നുന്ന പ്രകടനമാണ് നടത്തിയത്. പതിമൂന്നു മത്സരങ്ങളിൽ ഇറങ്ങിയ താരം അതിൽ ആറെണ്ണത്തിൽ ക്ലീൻഷീറ്റ് നേടിയെടുത്തു. ബാക്കിയുള്ള ഏഴു മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ വഴങ്ങിയ താരം ടീം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നതിൽ നിർണായക പങ്കു വഹിച്ചു.

കഴിഞ്ഞ സീസണിൽ എഫ്‌സി കോപ്പറിനെതിരെ നടന്ന മത്സരത്തിൽ താരം നടത്തിയ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒളിമ്പിയ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ഒരു പെനാൽറ്റി തടഞ്ഞിട്ട് താരം ടീമിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചു. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ താരത്തിന്റെ മികവ് നമുക്ക് നേരിട്ട് കണ്ടറിയാൻ കഴിയും.

കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിൽ വളരെയധികം ആവേശമുണ്ടെന്നും ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നുമാണ് സോം കുമാർ പറഞ്ഞത്. വളരെയധികം ആത്മാർത്ഥതയുള്ള ആരാധകരുള്ള ഈ ടീമിന് വേണ്ടി പരമാവധി നൽകുമെന്നും ഒരു കളിക്കാരൻ എന്ന നിലയിൽ തനിക്ക് വളരാൻ വലിയ അവസരമാണ് ലഭിച്ചതെന്നും താരം പറഞ്ഞു.