ആ ട്രാൻസ്‌ഫർ ഉറപ്പിക്കാം, നോവ സദൂയിക്ക് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ സന്ദേശം | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശം നൽകിയാണ് അടുത്ത സീസണിലേക്കായി എഫ്‌സി ഗോവ താരമായ നോവ സദൂയിയെ ക്ലബ് സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ വന്നത്. ഈ സീസണോടെ എഫ്‌സി ഗോവയുമായുള്ള കരാർ അവസാനിക്കുന്ന താരത്തെ അവസരം മുതലെടുത്ത് ഫ്രീ ഏജന്റായാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്.

അഭ്യൂഹങ്ങൾ വന്നെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് താരം ഐബാൻ ഡോഹ്ലിങ് ഇൻസ്റ്റാഗ്രാമിൽ ഇട്ട സ്റ്റോറി നോവയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്ന് ഉറപ്പിക്കുന്നതാണ്. കഴിഞ്ഞ സീസണിൽ നോവ സദൂയിക്കൊപ്പം എഫ്‌സി ഗോവയിൽ കളിച്ച താരമാണ് ഐബാൻ.

ഐബാന്റെ പിറന്നാളിന് ആശംസ നൽകി നോവ കഴിഞ്ഞ ദിവസം സ്റ്റോറി ഇട്ടിരുന്നു. ഇത് റീഷെയർ ചെയ്‌ത ഐബാൻ അതിനു നന്ദി പറഞ്ഞതിനൊപ്പം കുറിച്ചത് ‘ഉടനെ തന്നെ നമുക്കൊരുമിക്കാം’ എന്നു കൂടിയാണ്. താരം അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകുമെന്ന് ഇതിൽ നിന്നും ഉറപ്പിക്കാം. താരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെ ശരി വെച്ചിരിക്കുകയാണ് ഐബാൻ.

കഴിഞ്ഞ രണ്ടു സീസണുകളായി ഐഎസ്എല്ലിലുള്ള താരമാണ് നോവ. ഗോവയിലേക്ക് വന്ന ആദ്യത്തെ സീസണിൽ തന്നെ ഒൻപത് ഗോളുകളും ഒൻപത് അസിസ്റ്റുകളും ഐഎസ്എല്ലിൽ സ്വന്തമാക്കിയ താരമാണ് നോവ. ഈ സീസണിൽ ആറു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് താരം നേടിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണനിരക്ക് കൂടുതൽ കരുത്ത് നൽകുന്ന സൈനിങാണിത്.

അതേസമയം ഈ സീസണിൽ ഏതാനും മത്സരങ്ങൾ മാത്രം കളിച്ചു പരിക്കേറ്റു പുറത്തു പോയ ഐബാൻ തിരിച്ചു വരവിന്റെ പാതയിലാണ്. താരം ജിം സെഷൻ ആരംഭിച്ചിട്ടുണ്ട്. ഉടനെ തന്നെ പരിശീലനം ആരംഭിക്കാനിരിക്കുന്ന താരം ഈ സീസണിൽ കളത്തിലിറങ്ങുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകുമെന്നുറപ്പാണ്.

Kerala Blasters Star Hints Noah Sadaoui Transfer