അർജന്റീനക്ക് വേണ്ടാത്ത താരം ഇറ്റലിക്കു വേണ്ടി ഗോളടിച്ചു കൂട്ടുന്നു, യൂറോ കപ്പിലെ താരമാകാൻ റെറ്റെഗുയി | Mateo Retegui

മികച്ച സ്‌ട്രൈക്കർമാർക്ക് യാതൊരു കുറവുമില്ലാത്ത രാജ്യമാണ് അർജന്റീന. നിലവിൽ അർജന്റീന ടീമിൽ കളിക്കുന്ന സ്‌ട്രൈക്കർമാരെ എടുത്തു നോക്കിയാൽ തന്നെ അത് മനസിലാകും. ലൗടാരോ മാർട്ടിനസ്, ഹൂലിയൻ അൽവാരസ് തുടങ്ങി ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുള്ള ടീമിൽ അവസരങ്ങൾ അധികം ലഭിക്കാത്ത നിരവധി മികച്ച സ്‌ട്രൈക്കർമാർ വേറെയുമുണ്ട്.

ഈ താരങ്ങളുടെ സാന്നിധ്യം കൊണ്ടു തന്നെ അർജന്റീന ടീമിൽ അവസരം ലഭിക്കില്ലെന്ന് മനസിലായി ഇറ്റാലിയൻ ദേശീയ ടീമിനെ തിരഞ്ഞെടുത്ത കളിക്കാരനാണ് മാറ്റിയോ റെറ്റെഗുയി. അർജന്റീനയിൽ ജനിക്കുകയും റിവർപ്ലേറ്റ്, ബൊക്ക ജൂനിയേഴ്‌സ് തുടങ്ങിയ ക്ലബുകളുടെ അക്കാദമിയിൽ കളിച്ച് ബൊക്ക ജൂനിയേഴ്‌സിൽ പ്രൊഫെഷണൽ അരങ്ങേറ്റം കുറിച്ച താരമിപ്പോൾ ഇറ്റലിക്ക് വേണ്ടിയാണ് കളിക്കുന്നത്.

ബൊക്ക ജൂനിയേഴ്‌സിൽ നിന്നും ലോണിൽ മെക്‌സിക്കൻ ക്ലബായ ടൈഗ്രയിൽ കളിക്കുന്ന സമയത്താണ് റെറ്റെഗുയി തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത്. താരത്തിന്റെ മുത്തശ്ശി ഇറ്റാലിയൻ സ്വദേശി ആയതിനാൽ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ താരത്തിനായി ശ്രമം നടത്തി. അതിനു പിന്നാലെ ഇറ്റാലിയൻ ക്ലബായ ജെനോവ താരത്തെ സ്വന്തമാക്കുകയും ചെയ്‌തു.

ഇറ്റലിക്ക് വേണ്ടി കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അരങ്ങേറ്റം നടത്തിയ താരം ഗോളും നേടിയിരുന്നു. ഇതോടെ ടീമിൽ സ്ഥിരമായി അവസരങ്ങൾ റെറ്റെഗുയിക്ക് ലഭിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം വെനസ്വലക്കെതിരെ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ അഞ്ചു മത്സരങ്ങൾ ഇറ്റലിക്കായി കളിച്ച താരം നാല് ഗോളുകൾ നേടിക്കഴിഞ്ഞു.

ഇമ്മൊബൈൽ അല്ലാതെ മികച്ച സ്‌ട്രൈക്കർമാരില്ലാത്ത ഇറ്റലിക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന റെറ്റെഗുയി യൂറോ കപ്പിനുള്ള ടീമിൽ സ്ഥാനം ഉറപ്പിക്കുമെന്നു തന്നെ വേണം കരുതാൻ. വെറും ഇരുപത്തിനാലു വയസ് മാത്രം പ്രായമുള്ള താരത്തിന് ഇനിയും മെച്ചപ്പെട്ടു വരാനും അവസരമുണ്ട്. യൂറോ കപ്പിലായിരിക്കും താരം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ പോകുന്നത്.

Mateo Retegui Scoring Goals For Italy